
ലോകത്തിൽ ഏറ്റവുമധികം ആളുകൾ ഇന്റർനെറ്റിൽ പരതാൻ ഉപയോഗിക്കുന്ന സെർച്ച് എഞ്ചിൻ ഗൂഗിൾ ആണെന്നതിൽ നമുക്കൊരു സംശയവുമില്ല. എന്നാൽ ഈ ഒന്നാം സ്ഥാനം നിലനിർത്താൻ ഗൂഗിൾ ചെയ്യുന്ന കളളത്തരത്തെ കുറിച്ച് സൂചന നൽകിയിരിക്കുകയാണ് അമേരിക്കൻ നീതിന്യായ വകുപ്പ്. വ്യാഴാഴ്‌ച ഫെഡറൽ കോടതിയെ ബോദ്ധ്യപ്പെടുത്തിയ വസ്‌തുതയനുസരിച്ച് ഓരോ വർഷവും ശതകോടിക്കണക്കിന് ഡോളറാണ് ഗൂഗിൾ മിക്ക ബ്രൗസറുകൾക്കും മറ്റും നൽകുന്നത്.
അമേരിക്കയിൽ മിക്ക ബ്രൗസറുകളിലും സ്‌മാർട് ഫോണുകളിലും ഡിഫോൾട്ട് സെർച്ച് എഞ്ചിൻ എന്നത് ഗൂഗിൾ തന്നെയാണ്. എത്ര തുകയാണ് ഈ ഒന്നാം സ്ഥാനം നിലനിർത്താൻ നൽകിയതെന്ന് വ്യക്തമല്ല. എന്നാൽ വൻ തുകതന്നെയാണിതെന്നാണ് വിവരം. വാഷിംഗ്‌ടണിൽ നടന്ന ഹിയറിംഗിലാണ് ജഡ്‌ജി അമിത് മേത്തയോട് അമേരിക്കൻ നീതിന്യായ വകുപ്പ് ജനറൽ അറ്റോർണിയായ കെന്നെത്ത് ഡിൻസർ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
ആന്റിട്രസ്‌റ്റ് നിയമങ്ങളുടെ കടുത്ത ലംഘനമാണ് കമ്പനി നടത്തിയത്. രാജ്യത്ത് സാങ്കേതിക വിദ്യാ പ്ളാറ്റ്‌ഫോമുകൾ രാജ്യ സമ്പദ്‌വ്യവസ്ഥയെയും കുട്ടികളുടെ ആരോഗ്യത്തെയും ദോഷകരമായി ബാധിക്കുന്ന കാര്യങ്ങൾ പ്രചരിപ്പിക്കുന്നു എന്ന് വൈറ്റ്‌ഹൗസിൽ ചേർന്ന യോഗത്തിൽ വിദഗ്ദ്ധർ അറിയിച്ചിരുന്നു.
അതേസമയം ഗൂഗിൾ, മൈക്രോസോഫ്‌റ്റിന്റെ സെർച്ച് എഞ്ചിനായ ബിംഗ്, ഡക്‌ഡക്‌ഗോ എന്നിവയിൽ നിന്ന് മാത്രമല്ല ടിക്‌ടോക്, മെറ്റ പ്ളാറ്റ്‌ഫോം, ആമസോൺ എന്നിങ്ങനെ പലയിടത്ത് നിന്നും വെല്ലുവിളികൾ നേരിടുന്നതായാണ് ഗൂഗിളിന്റെ അറ്റോർണി ജോൺ ഷ്‌മിഡ്‌ലിൻ അറിയിച്ചു. എന്നാൽ വിവിധ കമ്പനികൾ ഗൂഗിളുമായി സഹകരിക്കുന്നത് അവർക്ക് അത്യാവശ്യമുളളതുകൊണ്ടല്ലെന്നും പകരം ഗൂഗിളിന്റെ ശക്തമായ വിജയം കൊണ്ടാണെന്നും കമ്പനി കോടതിയിൽ വാദിച്ചു.