queen-elizabeth

ലണ്ടൻ: എലിസബത്ത് രാജ്ഞി വിടവാങ്ങിയതോടെ ബ്രിട്ടന്റെ പുതിയ രാജാവായി സ്ഥാനാരോഹണം ചെയ്യാനൊരുങ്ങുകയാണ് ചാൾസ് മൂന്നാമൻ. യുകെ രാജാവിന്റെ കിരീടധാരണം നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരങ്ങളുടെ അകമ്പടിയോടെയാണ് നടത്തുന്നത്. കൗതുകകരമായ നിരവധി ചടങ്ങുകൾ ഇതിൽ ഉൾപ്പെടുന്നു. 25ാം വയസിൽ കാന്റർബറി ആർച്ച്‌ബിഷപ്പിന്റെ നേതൃത്വത്തിലായിരുന്നു എലിസബത്ത് രാജ്ഞിയുടെ സ്ഥാനാരോഹണച്ചടങ്ങ്. ചാൾസിനും സമാനചടങ്ങുകളായിരിക്കും ഉണ്ടാവുക. എന്നാൽ പുതിയ രാജാവിന്റെ സ്ഥാനാരോഹണത്തീയതി സംബന്ധിച്ച വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

യുകെയുടെ ഔദ്യോഗിക മാദ്ധ്യമമായ ബിബിസി പുറത്തുവിടുന്ന വിവരങ്ങൾ പ്രകാരം വിവിധവും ആഡംബരവുമായ ചടങ്ങുകൾ ഉൾക്കൊള്ളിച്ചാകും സ്ഥാനാരോഹണം നടക്കുന്നത്. ഇതിനായി ലോകത്തിലെ ഏറ്റവും വിലപ്പിടിപ്പുള്ള വസ്തുക്കളിൽ ഒന്നായ തിമിംഗല ഛർദ്ദിയും ഉപയോഗിക്കുന്നു. തിമിംഗല ഛർദ്ദിയിൽ നിന്ന് നിർമിക്കുന്ന സുഗന്ധതൈലങ്ങളാണ് ചടങ്ങിൽ ഉപയോഗിക്കുന്നത്. ഗർലെയിൻസ് മിട്‌‌സോകൊയുടെ കുപ്പിയിൽ ഒരു പെട്ടിയ്ക്കകത്താണ് ഇത് സൂക്ഷിച്ചിരിക്കുന്നത്. സ്ഥാനാരോഹണചടങ്ങിൽ ഈ തൈലം ഉപയോഗിക്കണമെന്ന് രാജ്ഞി നിർബന്ധം പ്രകടിപ്പിച്ചിരുന്നതായി ബിബിസി റിപ്പോർട്ട് ചെയ്യുന്നു. രാജ്ഞിയുടെ സുഗന്ധദ്രവ്യങ്ങളോടും സുഗന്ധതൈലങ്ങളോടും ഉള്ള ഇഷ്ടം രാജകീയ ചരിത്രകാരൻമാരും പരാമർശിച്ചിട്ടുണ്ട്.

ആംബർഗ്രിസ് അഥവാ തിമിംഗല ഛർദ്ദി, സിവെറ്റ്, ഓറഞ്ച് പൂക്കൾ, റോസാപ്പൂക്കൾ, മുല്ലപ്പൂവ്, കറുവപ്പട്ട, കസ്തൂരി, ബെൻസോയിൻ, എള്ള്, ഒലിവ് ഓയിൽ എന്നിവ അടങ്ങിയ രഹസ്യ കൂട്ടിൽ നിന്നാണ് സുഗന്ധതൈലം നിർമ്മിക്കുന്നത്. സുഗന്ധദ്രവ്യ നിർമാതാക്കൾ വളരെ വിലപ്പെട്ടതായി കരുതുന്ന വസ്തുവാണ് തിമിംഗല ഛർദ്ദി. ഇത് കൂടുതൽ കാലം സുഗന്ധം നിലനിൽക്കാൻ സഹായിക്കുന്നു.

ചടങ്ങ് പ്രകാരം സ്ഥാനാരോഹണം ചെയ്യുന്ന രാജാവ് അല്ലെങ്കിൽ രാജ്ഞി പ്രത്യേകമായി നിർമിക്കുന്ന ഈ തൈലത്തിൽ സ്പർശിക്കുകയും മണക്കുകയും ചെയ്യുന്നതിലൂടെ ദീർഘകാലം ആരോഗ്യവും സന്തോഷമുള്ളതുമായ ജീവിതം നയിക്കാൻ സാധിക്കുന്നുവെന്നാണ് വിശ്വാസം. ബിസി പത്താം നൂറ്റാണ്ടോളം പഴക്കമുണ്ട് സുഗന്ധതൈലം ഉപയോഗിക്കുന്ന ചടങ്ങുകൾക്ക്. രാജാവിന്റെ അധികാരത്തിന്റെ ചിഹ്നമായും ഈ തൈലത്തെ കണക്കാക്കുന്നു.