
തിരുവനന്തപുരത്തെ വീട്ടിൽ ഓണം ആഘോഷിച്ച് മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ. വി എസിന്റെ ഓണവിശേഷം മകൻ അരുൺകുമാറാണ് പങ്കുവച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വി എസിനും പത്നിക്കും പനിയായിരുന്നെന്നും, എന്നാൽ തിരുവോണത്തിന് അസുഖമെല്ലാം മാറി ഇരുവരും സദ്യകഴിച്ച് ഓണം ആഘോഷിച്ചെന്ന് അരുൺകുമാർ ഫേസ്ബുക്കിൽ കുറിച്ചു. തിരുവോണം വി എസിന്റെ പത്നിയുടെ പിറന്നാൾ കൂടിയാണ്. തിക്കും തിരക്കും ഒഴിഞ്ഞ് വിശ്രമജീവിതം നയിക്കുകയാണ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട നേതാവ് വി എസ്.
ഫേസ്ബുക്ക് പോസ്റ്റിൻെറ പൂർണരൂപം
ഓണാശംസകൾ!!
രാവിലെമുതൽ അച്ഛനുള്ള സുഖാന്വേഷണങ്ങളുടെയും ആശംസകളുടെയും തിരക്കിലായിരുന്നു. ഇത്തവണത്തെയും ഓണം തിരുവനന്തപുരത്തെ വീട്ടിലാണ്. പുന്നപ്ര വീട്ടിലത്തെ തിരക്കും ബഹളവുമില്ലാത്ത ഓണമാണ്. കഴിഞ്ഞ ദിവസങ്ങളിലായി ഇടമുറിയാതെ പെയ്യുന്ന മഴ ചെറിയ പനിക്കോളുണ്ടാക്കിയിരുന്നതിൽ നിന്ന് അച്ഛനും അമ്മയും ഉഷാറായി. ചിങ്ങമാസത്തിലെ തിരുവോണം അമ്മയുടെ പിറന്നാളുകൂടിയാണ് . എല്ലാവരും കൂടി ഓണസദ്യയുണ്ടുള്ള ആഘോഷം.