
മകളുടെ സുരക്ഷയ്ക്കായി അമേരിക്കകാരിയായ വീട്ടമ്മ വാങ്ങിയത് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് അടക്കമുള്ള ഉപകരണങ്ങൾ. അടിക്കടി അമേരിക്കൻ സ്‌കൂളുകളിലും, പൊതു ഇടങ്ങളിലും വെടിവയ്പ്പുണ്ടാകുന്നതാണ് ഇത്തരം ഒരു പ്രവർത്തി ചെയ്യാൻ വീട്ടമ്മയെ പ്രേരിപ്പിച്ചത്. ബാഗിനുള്ളിൽ മടക്കി വയ്ക്കാൻ കഴിയുന്ന തരത്തിലുള്ള ബാലിസ്റ്റിക് ഷീൽഡാണ് ഇതിൽ പ്രധാനം. ഇത് കൂടാതെ ബ്ലഡ് ക്യാപ്സ്യൂളുകളും സുരക്ഷയ്ക്കായി കരുതുന്നുണ്ട്.
മകൾ സുരക്ഷിതയാണെന്ന് ഉറപ്പാക്കാൻ താൻ സ്വീകരിക്കുന്ന മാർഗങ്ങളെകുറിച്ചുള്ള വീട്ടമ്മയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഒരു കൂട്ട വെടിവയ്പ്പ് ഉണ്ടായാൽ അതിൽ നിന്നും മകളോട് എങ്ങനെ രക്ഷപ്പെടണം എന്ന് താൻ പഠിപ്പിച്ചിട്ടുണ്ടെന്നും ഇവർ പറയുന്നു. അമേരിക്കൻ പബ്ലിക് ഹൈസ്‌കൂളിൽ പഠിക്കുന്ന തന്റെ കുട്ടിക്ക് ഈ സുരക്ഷാ സജ്ജീകരണങ്ങൾ ആവശ്യമാണെന്ന് സ്ത്രീ കൂട്ടിച്ചേർക്കുന്നു. വെടിവയ്പ്പുണ്ടായാൽ ബ്ളഡ് കാപ്സ്യൂളുകൾ പൊട്ടിച്ച ശേഷം വെടിയേറ്റ് മരിച്ചതായി അഭിനയിക്കാനും, അങ്ങനെ അക്രമിയെ കബളിപ്പിക്കാനാവുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട വീഡിയോ 222,000ലധികം ആളുകൾ ലൈക്ക് ചെയ്യുകയും 6,900ലധികം കമന്റുകൾ സ്വന്തമാക്കുകയും ചെയ്തു.
കഴിഞ്ഞ മേയിൽ റോബ് എലിമെന്ററി സ്‌കൂളിൽ തോക്കുധാരി 19 വിദ്യാർത്ഥികളും രണ്ട് അദ്ധ്യാപകരുമടക്കം 21 പേരെ കൊലപ്പെടുത്തിയിരുന്നു. ഈ സംഭവത്തിന് ശേഷം രാജ്യത്തുടനീളമുള്ള നിരവധി രക്ഷിതാക്കൾ തങ്ങളുടെ കുട്ടികളെ സ്‌കൂളുകളിൽ അയക്കാൻ ഭയപ്പെടുകയാണ്.