
മഴക്കാലത്തും വേനൽക്കാലത്തും ഒരുപോലെ ഉപയോഗിക്കാം എന്നതുകൊണ്ടുതന്നെ പലർക്കും പ്രിയപ്പെട്ട പാദരക്ഷകളാണ് ഫ്ലിപ്പ് ഫ്ലോപ്പുകൾ. കാലിലേയ്ക്ക് നല്ല രീതിയിൽ വായു സഞ്ചാരം ലഭിക്കുന്നതിനാൽ തന്നെ ദീർഘദൂര നടത്തത്തിനും മറ്റ് കായിക വിനോദങ്ങൾക്കും പോകുമ്പോൾ ഫ്ലിപ്പ് ഫ്ലോപ്പുകൾ ഉപയോഗിക്കാറുണ്ട്. പാദങ്ങൾ വിയർക്കുന്നത് തടയുന്നതുകൊണ്ടും സൗകര്യപ്രദമായതിനാലും വേനൽക്കാലത്തും മഴക്കാലത്തും ഇവ ഒരുപോലെ ഉപയോഗിക്കാൻ ഇഷ്ടപ്പെടുന്നവരാണ് പലരും. എന്നാൽ ഫ്ലിപ്പ് ഫ്ലോപ്പുകൾ നിങ്ങൾക്കുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളും നിരവധിയാണ്. കുറച്ച് ദൂരം നടക്കുന്നതിനാണെങ്കിൽ ഇവ നല്ലതാണ്. പക്ഷേ ദീർഘദൂര നടത്തത്തിന് ഇവ ഉപയോഗിച്ച് കഴിഞ്ഞാൽ കാലിന് നിരവധി പ്രശ്നങ്ങളുണ്ടാകുന്നു. ഫ്ലിപ്പ് ഫ്ലോപ്പുകൾ നിങ്ങളുടെ പാദങ്ങളുടെ ആരോഗ്യത്തെ എങ്ങനെ പ്രതികൂലമായി ബാധിക്കും എന്നത് നോക്കാം.

1. ഫ്ലിപ്പ് ഫ്ലോപ്പുകളുടെ ഉപയോഗം ഉപ്പൂറ്റി വേദന ഉണ്ടാക്കുന്നു. ഉപ്പൂറ്റിയെയും കാൽ വിരലുകളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ലിഗമെന്റ് വലിഞ്ഞ് സമ്മർദം ഉണ്ടാകുന്നതിനും ഇതിലൂടെ ഉപ്പൂറ്റി വേദന വരാനും ഫ്ലിപ്പ് ഫ്ലോപ്പുകളുടെ ദീർഘ സമയ ഉപയോഗം കാരണമാകുന്നു.
2. ഫ്ലിപ്പ് ഫ്ലോപ്പുകൾ ധരിച്ച് അധിക സമയം നടക്കുന്നത് കാലിന്റെ മുൻഭാഗത്തെ പേശികൾക്ക് പ്രശ്നമുണ്ടാക്കാൻ കാരണമാകുന്നു. ഇത് കഠിനമായ കാലുവേദനയിലേയ്ക്ക് നയിക്കുന്നു.
3. വളരെ പെട്ടെന്ന് വിയർക്കുന്ന പാദങ്ങളാണെങ്കിൽ, ഫ്ലിപ്പ് ഫ്ലോപ്പുകൾ ധരിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. അല്ലങ്കിൽ ഇവ നിങ്ങളുടെ പാദങ്ങളിൽ ഉരസി വിയർപ്പ് കുമിളകൾ ഉണ്ടാകുന്നതിനും പിന്നീട് അത് വലിയ മുറിവായി മാറുകയും ചെയ്യുന്നു.
4. ദീർഘ സമയം ഫ്ലിപ്പ് ഫ്ലോപ്പുകൾ ഉപയോഗിച്ച് നടക്കുന്നത് നിങ്ങളുടെ കാലിൽ ഉളുക്ക് വരുന്നതിനും കാരണമാകുന്നു.