travancore-royal-family

തിരുവിതാംകൂർ രാജകുടുംബം ബ്രിട്ടൺ രാജകുടുംബവുമായി ഊഷ്‌മളമായ ബന്ധമാണ് പുലർത്തിയിരുന്നത്. മൂലം തിരുനാൾ സേതു പാർവതി ബായ് തമ്പുരാട്ടിയും മകൾ കാർത്തിക തിരുനാൾ ലക്ഷ്‌മി ബായിയും ആദ്യമായി ഇംഗ്ളണ്ട് സന്ദർശിച്ചപ്പോൾ ഹൃദ്യമായ സ്വീകരണമാണ് ക്വീൻ മേരി ഒരുക്കിയത്. എലിസബത്ത് രാജ്ഞിയുടെ മുത്തശ്ശിയാണ് ക്വീൻ മേരി. രാജ്ഞിയുടെ പ്രത്യേക ക്ഷണപ്രകാരം തമ്പുരാട്ടിമാർ ബക്കിംഗ്ഹാം കൊട്ടാരം ഒരുക്കിയ ചായ സൽക്കാരത്തിൽ പങ്കെടുത്തു. ഇരുവരും അന്ന് രാജകുമാരിമാരായ എലിസബത്തുമായും മാർഗരറ്റുമായും വിശേഷങ്ങൾ പങ്കുവയ‌്ക്കുകയും ചെയ‌്തു.

പിന്നീട് എലിസബത്ത് ഇംഗ്ളണ്ടിന്റെ കിരീടാവകാശിയായതിന് ശേഷം നടത്തിയ ഇന്ത്യാ സന്ദർശന വേളയിൽ ചിത്തിര തിരുനാൾ മഹാരാജാവും അമ്മ മഹാറാണി സേതുപാർവതി ബായിയുമായും കൂടിക്കാഴ്‌ച നടത്തിയിരുന്നു. ഇളമുറ തമ്പുരാനായ ഉത്രാടം തിരുനാൾ മാർത്താണ്ഡ വർമ്മയും ഒപ്പമുണ്ടായിരുന്നു. മദ്രാസിൽ വച്ച് നടത്തിയ ആ കണ്ടുമുട്ടൽ രാജകുടുംബങ്ങളുടെ സൗഹൃദത്തിന്റെ ആഴം വിശദമാക്കുന്നതു കൂടിയായിരുന്നെന്ന് ഇളമുറക്കാരി കൂടിയായ പൂയം തിരുനാൾ ഗൗരി പാർവതി ബായ് കേരള കൗമുദിയോട് പറഞ്ഞു.

മാർത്താണ്ഡവർമ്മയെ അനുഗമിച്ച ചാൾസ് രാജകുമാരൻ

തിരുവിതാംകൂർ രാജകുടുംബത്തോട് ബക്കിംഗ്‌ഹാം കൊട്ടാരം പുലർത്തിയിരുന്ന സ്നേഹത്തിന്റെയും ബഹുമാനത്തിന്റെയും ഉത്തമ ഉദാഹരണമാണ് പ്രിൻസ് ചാൾസിന്റെ ഇന്ത്യാ സന്ദർശനം. 2013 നവംബറിൽ കേരളത്തിൽ എത്തിയ പ്രിൻസ് ചാൾസിനെ സന്ദർശിക്കാൻ ഉത്രാടം തിരുനാൾ മാർത്താണ്ഡ വർമ്മ എത്തിയിരുന്നു. കൊച്ചനന്തിരവൻ പൂരുരുട്ടാതി തിരുനാൾ മാർത്താണ്ഡ വർമ്മക്കൊപ്പമാണ് അദ്ദേഹം ചാൾസിനെ കാണാൻ എത്തിയത്. കൊച്ചിലെ താജ് മലബാറിലായിരുന്നു കൂടിക്കാഴ്‌ച. ലോകത്തിലെ പ്രബലമായ രണ്ട് രാജ വംശങ്ങളുടെ ഇളമുറക്കാർ തമ്മിലുള്ള ആ ഒത്തുചേരൽ കണ്ടു നിന്നവർക്കും ധന്യമേറിയ നിമിഷമായിരുന്നു. മാർത്താണ്ഡ വർമ്മ നൽകിയ സമ്മാനം ഏറെ സന്തോഷത്തോടെയാണ് ചാൾസ് സ്വീകരിച്ചത്. തുടർന്ന് തിരികെ ഉത്രാടം തിരുനാളിനെ യാത്രയാക്കാൻ അദ്ദേഹത്തിന്റെ വാഹനം വരെ പ്രിൻസ് ചാൾസ് അനുഗമിക്കുകയും ചെയ‌്തു.