kappan

ന്യൂഡൽഹി: ഹത്റസ് സംഭവം റിപ്പോർട്ട് ചെയ്യാനുള‌ള യാത്രയ്ക്കിടെ അറസ്‌റ്റിലായ മാദ്ധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. കാപ്പനെ കേരളത്തിലേക്ക് വിടരുതെന്ന പൊലീസിന്റെ ആവശ്യം കോടതി തള‌ളി. യു.പി സർക്കാർ എടുത്ത യുഎപിഎ കേസിലാണ് കാപ്പന് ജാമ്യം അനുവദിച്ചിരിക്കുന്നത്. എന്നാൽ ആറാഴ്‌ച ഡൽഹിയിൽ തുടരാനും ശേഷം കേരളത്തിലേക്ക് പോകാനുമാണ് കോടതി അനുവദിച്ചത്. ഡൽഹി ജാംഗ്‌പുര പൊലീസ് സ്‌റ്റേഷനിൽ ആറാഴ്‌ച കാപ്പൻ ഹാജരാകണം.

അഴിമുഖം ന്യൂസ് പോർട്ടലിന്റെ റിപ്പോർട്ടറായ കാപ്പൻ മറ്റ് മൂന്നുപേരോടൊപ്പം 2020 ഒക്‌ടോബർ 19നാണ് ഉത്തർപ്രദേശ് പൊലീസിന്റെ പിടിയിലായത്.ചീഫ് ജസ്‌റ്റിസ് യു.യു ലളിത്, എസ്.രവീന്ദ്ര ഭട്ട്, പി.എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ചാണ് കാപ്പന് ജാമ്യം അനുവദിച്ചത്. എല്ലാ മനുഷ്യനും അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നും ഹത്രസ് പെൺകുട്ടിയ്‌ക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെടുകയാണ് കാപ്പൻ ചെയ്‌തതെന്നും ഇത് നിയമത്തിന് മുന്നിൽ കുറ്റകരമാകുന്നത് എങ്ങനെയെന്നും കോടതി ചോദിച്ചു.

അതേസമയം പോപ്പുലർ ഫ്രണ്ടുമായി അടുത്ത ബന്ധമുള‌ളയാളാണ് കാപ്പനെന്നും പിഎഫ്‌ഐയ്‌ക്ക് ലഭിച്ചിരുന്ന ഫണ്ടിംഗ് നിന്നത് കാരണം ഹാത്‌റസിലെത്തി ഈ സംഭവമുപയോഗിച്ച് സമൂഹത്തിൽ അസ്ഥിരതയുണ്ടാക്കാനായിരുന്നു കാപ്പന്റെ ശ്രമമെന്ന് യു.പി പൊലീസിനായി ഹാജരായ മുതിർന്ന അഭിഭാഷകൻ മഹേഷ് ജെഠ്‌മലാനി വാദിച്ചു. 5000 പേജുള‌ള കുറ്റപത്രത്തിൽ പൊലീസ് ഇക്കാര്യം പ്രത്യേകം പറയുന്നുണ്ട്. സിദ്ദിഖ് കാപ്പന് വേണ്ടി മുതി‌ർന്ന അഭിഭാഷകൻ കപിൽ സിബലും ഹാരിസ് ബീരാനുമാണ് ഹാജരായത്.