
കോയമ്പത്തൂര്‍: കിണറ്റിലേയ്ക്ക് കാർ മറിഞ്ഞ് മൂന്ന് കോളേജ് വിദ്യാർത്ഥികൾ മരിച്ചു. കോയമ്പത്തൂർ വടവള്ളി സ്വദേശികളായ ആദേഷ്, രവികൃഷ്ണൻ, നന്ദൻ എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മറ്റൊരു വിദ്യാർത്ഥി രക്ഷപ്പെട്ടു.
ഇന്ന് പുലർച്ചെ ശിരുവാണി റോഡിൽ തൊണ്ടാമുത്തൂർ തെന്നനല്ലൂർ മാരിയമ്മൻ കോവിലിന് സമീപമായിരുന്നു അപകടം. നിയന്ത്രണം തെറ്റിയ കാർ 150 അടി താഴ്ചയുള്ള കിണറ്റിലേയ്ക്ക് മറിയുകയായിരുന്നു.
കാറിലുണ്ടായിരുന്ന നാലുപേരും കോയമ്പത്തൂരിലെ സ്വകാര്യ കോളേജിലെ ബിഎസ്‌സി വിദ്യാർത്ഥികളാണ്. ഇവർക്കൊപ്പമുണ്ടായിരുന്ന റോഷൻ എന്നയാൾ രക്ഷപ്പെട്ടു. ബാക്കി മൂന്നുപേരും കാറിനുള്ളിൽ കുടുങ്ങി കിടക്കുകയായിരുന്നു. ഓണാഘോഷത്തിന് ശേഷം വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടെയാണ് വിദ്യാർത്ഥികൾ അപകടത്തിൽപ്പെട്ടതെന്നാണ് വിവരം.