tiago-ev

ഇലക്ട്രിക് കാർ വിഭാഗത്തിലെ അതികായരായ ടാറ്റ നെക്സണിനും ടിഗോറിനുമൊപ്പം ടിയാഗോയുടെ ഇലക്ട്രിക് പതിപ്പും പുറത്തിറക്കുന്നു. അടുത്ത മാസത്തോടെ ടിയാഗോയുടെ ഇലക്ട്രിക് പതിപ്പ് വിൽപ്പനയ്‌ക്കെത്തും. ലോക ഇലക്ട്രിക് വെഹിക്കിൾ ദിനമായ ഇന്ന് കമ്പനിയുടെ പദ്ധതികൾ ടാറ്റ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾസ് മാനേജിംഗ് ഡയറക്ടർ ശൈലേഷ് ചന്ദ്ര പ്രഖ്യാപിച്ചു. ഇ വി വിഭാഗത്തിൽ പത്ത് പുതിയ മോഡലുകൾ പുറത്തിറക്കാനാണ് കമ്പനിയുടെ പദ്ധതി.

2030ഓടെ റോഡിൽ മുപ്പത് ശതമാനം വൈദ്യുത വാഹനങ്ങൾ എന്ന ഗവൺമെന്റിന്റെ കാഴ്ചപ്പാടിനെ പിന്തുണയ്ക്കാനാണ് ടാറ്റയുടെ തീരുമാനം. കുറഞ്ഞ ചെലവിൽ നിശബ്ദമായ ഡ്രൈവിംഗ് അനുഭവം സമ്മാനിക്കുവാനാണ് ടാറ്റ ഇലക്ട്രിക് വാഹനങ്ങൾ ശ്രമിക്കുന്നത്. രാജ്യത്തെ ഇലക്ട്രിക് കാർ വിപണിയിൽ 88 ശതമാനവും ഇപ്പോൾ ടാറ്റയാണ് കൈയാളുന്നത്. 40,000ത്തിലധികം ടാറ്റ ഇവികൾ റോഡിൽ ഓടുന്നുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. നെക്‌സോൺ, ടിഗോർ എന്നീ മോഡലുകളുപയോഗിച്ചാണ് ഈ ലക്ഷ്യം ടാറ്റ നേടിയത്. കഴിഞ്ഞ ദിവസം ഇന്ത്യയിലെ പ്രമുഖ വാഹന നിർമ്മാതാക്കളായ മഹീന്ദ്രയും അവരുടെ ജനപ്രിയ മോഡലായ എക്സ് യു വി 400 ന്റെ ഇലക്ട്രിക് പതിപ്പ് പുറത്തിറക്കിയിരുന്നു.