gst

കൊച്ചി: രാജ്യത്ത് സമ്പദ്‌പ്രവർത്തനങ്ങൾ മികച്ച ഉണർവിലെന്ന് വ്യക്തമാക്കി ആഗസ്‌റ്റിൽ ഇ-വേ ബില്ലുകളിലുണ്ടായത് റെക്കാഡ് വർദ്ധന. ചരക്കുനീക്കത്തിന് മുന്നോടിയായി ജി.എസ്.ടി പോർട്ടലിൽ നിന്ന് ജനറേറ്റ് ചെയ്യേണ്ട അനിവാര്യ രേഖയാണ് ഇലക്‌ട്രോണിക് വേ (ഇ-വേ)​ ബിൽ.

സംസ്ഥാനങ്ങൾക്കിടയിൽ 50,​000 രൂപയ്ക്കുമേലും സംസ്ഥാനത്തിനുള്ളിൽ ഒരുലക്ഷം രൂപയ്ക്കുമേലും മൂല്യമുള്ള ചരക്കുനീക്കം നടത്തുമ്പോഴാണ് ഇതുവേണ്ടത്. സാമ്പത്തിക ഇടപാടുകൾ മെച്ചപ്പെടുമ്പോഴാണ് ഇ-വേ ബില്ലുകൾ കൂടുക. ഇ-വേ ബില്ലുകളിലെ വർദ്ധന ആഭ്യന്തര സമ്പദ്‌വ്യവസ്ഥ മെച്ചപ്പെട്ടെന്നതിന്റെ തെളിവായാണ് കേന്ദ്രസർക്കാർ കാണുന്നത്.

ഇ-വേ ബില്ലുകൾ കൂടുമ്പോൾ ആനുപാതികമായി ജി.എസ്.ടി വരുമാനവും ഉയരും. കഴിഞ്ഞമാസം 7.82 കോടി ഇ-വേ ബില്ലുകൾ ജനറേറ്റ് ചെയ്യപ്പെട്ടു. ഇത് എക്കാലത്തെയും ഉയരമാണ്. 2021 ആഗസ്‌റ്റിനേക്കാൾ 19 ശതമാനം അധികവുമാണ്. കഴിഞ്ഞ മാർച്ചിൽ ലഭിച്ച 1.68 ലക്ഷം കോടി രൂപയാണ് എക്കാലത്തെയും ഉയർന്ന ജി.എസ്.ടി വരുമാനം; ആ മാസം ജനറേറ്റ് ചെയ്യപ്പെട്ടത് 7.81 കോടി ഇ-വേ ബില്ലുകളായിരുന്നു. കഴിഞ്ഞമാസത്തെ കണക്കുനോക്കുമ്പോൾ ആഗസ്‌റ്റിലെ ഇടപാടുകളിൽ നിന്നായി സെപ്തംബറിൽ സമാഹരിക്കുന്ന ജി.എസ്.ടി വരുമാനം 1.5 ലക്ഷം കോടി രൂപ കടക്കാനോ പുതിയ ഉയരം കുറിക്കാനോ സാദ്ധ്യതയുണ്ട്.

കരുത്തായി ഉത്സവകാലം

വിപണിയിലെ ഉത്സവകാല ഡിമാൻഡാണ് ഇ-വേ ബില്ലുകളിലെ വർദ്ധനയ്ക്ക് സഹായകമായത്. വാഹന,​ ഇലക്‌ട്രോണിക്‌സ് വില്പനയിലുൾപ്പെടെ മികച്ച വളർച്ചയുണ്ട്.

₹1.4 ലക്ഷം കോടി

ആഗസ്‌റ്റിൽ സമാഹരിച്ച ജി.എസ്.ടി 1.43 ലക്ഷം കോടി രൂപയായിരുന്നു. തുടർച്ചയായ ആറാംമാസമാണ് സമാഹരണം 1.4 ലക്ഷം കോടി രൂപ കടന്നത്.

വരുമാനം ഈ വർഷം

(2022-23ൽ ഇതുവരെ - തുക ലക്ഷം കോടിയിൽ)​

 ഏപ്രിൽ - ₹1.67

 മേയ് - ₹1.40

 ജൂൺ - ₹1.44

 ജൂലായ് - ₹1.48

 ആഗസ്‌റ്റ് - ₹1.43