
ലണ്ടൻ: മൂന്ന് തവണയാണ് എലിസബത്ത് രാജ്ഞി ഇന്ത്യ സന്ദർശിച്ചത്.അവസാന സന്ദർശനത്തിൽ ഫോർട്ട് കൊച്ചിയിലും മട്ടാഞ്ചേരിയിലും എത്തിയിരുന്നു. 1961ലായിരുന്നു ആദ്യ സന്ദർശനം. ഭർത്താവ് ഫിലിപ്പ് രാജകുമാരനും ഒപ്പമുണ്ടായിരുന്നു.
റിപ്പബ്ളിക് ദിനത്തിൽ വിശിഷ്ടാതിഥിയാകാനാണ് 1961 ജനുവരി 21ന് കുടുംബ സമേതം ഡൽഹിയിലെത്തിയത്.
പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു, രാഷ്ട്രപതി ഡോ. രാജേന്ദ്ര പ്രസാദ്, ഉപരാഷ്ട്രപതി ഡോ. എസ് രാധാകൃഷ്ണൻ എന്നിവർ സ്വീകരിച്ചു.
രാംലീല മൈതാനിയിൽ പതിനായിരങ്ങൾ പങ്കെടുത്ത പൊതുയോഗത്തെ എലിസബത്ത് അഭിസംബോധന ചെയ്തു. ജയ്പ്പൂർ സന്ദർശിച്ചപ്പോൾ, സവായി മാൻ സിംഗ് രാജാവിനൊപ്പം ആനപ്പുറത്ത് കയറുകയും ചെയ്തു. വാരണാസിയിലും പ്രത്യേകം അലങ്കരിച്ച ആനപ്പുറത്ത് സവാരി നടത്തിയിരുന്നു. മുംബയ്, ചെന്നൈ, കൊൽക്കത്ത, ആഗ്രയിലെ താജ്മഹൽ എന്നിവിടങ്ങളിൽ സന്ദർശനം നടത്തി. ന്യൂഡൽഹിയിലെ രാജ് ഘട്ടിലെത്തി മഹാത്മാ ഗാന്ധിയ്ക്ക് ആദരം അർപ്പിച്ചു.
1983ലായിരുന്നു രണ്ടാം സന്ദർശനം. പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ഡൽഹിയിൽ വച്ച് ബ്രിട്ടീഷ് സർക്കാറിന്റെ പരമോന്നത ബഹുമതിയായ 'ഓർഡർ ഒഫ് മെരിറ്റ്" മദർ തേരസയ്ക്ക് സമ്മാനിക്കുകയും ചെയ്തു.
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭച്ചതിന്റെ അമ്പതാം വാർഷികം ആഘോഷിക്കുന്ന വേളയിലായിരുന്നു 1997ലെ അവസാന സന്ദർശനം.
ഡയാന രാജകുമാരിയുടെ മരണ ശേഷമുള്ള ആദ്യ വിദേശ സന്ദർശനങ്ങളിലൊന്നായിരുന്നു അത്. ജാലിയൻ വാലാബാഗ് ഉൾപ്പെടെയുള്ള ദുഷ്കരമായ ഓർമകൾ എലിസബത്ത് അന്ന് പരാമർശിച്ചിരുന്നു. ജാലിയൻ വാലാബാഗ് സ്മാരകത്തിൽ രാജ്ഞിയും ഫിലിപ്പ് രാജകുമാരനുമെത്തി പുഷ്പചക്രം സമർപ്പിച്ചു. അമൃത്‌സറിലെ സുവർണക്ഷേത്രത്തിലും ഫോർട്ട് കൊച്ചിയിലും മട്ടാഞ്ചേരിയിലും അന്ന് സന്ദർശനം നടത്തിയിരുന്നു.