f35-jets

വാഷിംഗ്ടൺ : അമേരിക്കയുടെ അത്യാധുനിക മൾട്ടിറോൾ ഫൈറ്റർ ജെറ്റിൽ ചൈനീസ് നിർമ്മിത ഘടകങ്ങൾ കണ്ടെത്തിയെന്ന് റിപ്പോർട്ടുകൾ. ഇതേത്തുടർന്ന് പെന്റഗൺ ലോക്ക്ഹീഡ് മാർട്ടിൻ നിർമ്മിക്കുന്ന പുതിയ എഫ്35 യുദ്ധവിമാനങ്ങൾ സ്വീകരിക്കുന്നത് നിർത്തി. എന്നാൽ ഇപ്പോൾ സേനയുടെ ഭാഗമായി പ്രവർത്തിക്കുന്ന വിമാനങ്ങളെല്ലാം സുരക്ഷിതമാണെന്ന് നിർമാണ കമ്പനി ഉറപ്പ് നൽകിയിട്ടുണ്ട്. അമേരിക്ക ഉപയോഗിക്കുന്ന വിമാനത്തിൽ ചൈനീസ് നിർമ്മിത ഭാഗമെന്ന വാർത്തകൾ ഞെട്ടലുളവാക്കുന്നതാണ്. എഫ്35 ജെറ്റിന്റെ എൻജിനിലെ കാന്തിക വസ്തു ചൈനയിൽ നിന്നുള്ള വസ്തുക്കളിൽ നിന്നും നിർമ്മിക്കുന്നു എന്നാണ് കണ്ടെത്തിയത്. ഇത് അഞ്ചാം തലമുറ യുദ്ധ വിമാനത്തിന്റെ സുരക്ഷയെ ബാധിക്കുമെന്നാണ് അഭ്യൂഹങ്ങൾ.

ചൈനീസ് വസ്തുക്കൾ ഉപയോഗിച്ചതിനാൽ വിവരങ്ങൾ കൈമാറുകയോ വിമാനത്തിന്റെ പ്രകടനത്തെ ദോഷകരമായി ബാധിക്കുകയോ ചെയ്യുന്നില്ലെന്നു എഫ്35 ജോയിന്റ് പ്രോഗ്രാം ഓഫീസ് വക്താവ് റസ്സൽ ഗോമേരെ അഭിപ്രായപ്പെട്ടു. യുഎസ് എയർഫോഴ്സ്, നേവി, മറൈൻ കോർപ്സ് എന്നിവയ്ക്ക് പുറമേ അമേരിക്കയുടെ വിശ്വസ്തരായ പത്ത് രാജ്യങ്ങളുടെ സേനയും എഫ്35 യുദ്ധവിമാനം പ്രവർത്തിപ്പിക്കുന്നുണ്ട്. പൈലറ്റുമാരെ ഏത് പരിതസ്ഥിതിയിലും ഏത് ഭീഷണിക്കെതിരെയും പ്രവർത്തിക്കാൻ പ്രാപ്തമാക്കുന്നു എന്നതാണ് എഫ്35 യുദ്ധവിമാനത്തിന്റെ പ്രത്യേകത.

യുദ്ധവിമാനത്തിന്റെ ടർബോമഷീൻ പമ്പിലെ ഒരു ഭാഗം ചൈനീസ് നിർമ്മിതവസ്തുക്കളിൽ നിന്നാണെന്ന് യു എസ് പ്രതിരോധ കരാർ മാനേജ്‌മെന്റ് ഏജൻസി പെന്റഗണിലെ എഫ്35 ജോയിന്റ് പ്രോഗ്രാം ഓഫീസിന് മുന്നറിയിപ്പ് നൽകിയതോടെയാണ് ഈ വിഷയം പുറത്തായത്. ഇതേതുടർന്ന് പുതിയ എഫ്35 വിമാനങ്ങൾ ഏറ്റെടുക്കുന്നത് പെന്റഗൺ നീട്ടിവച്ചു. ചൈനീസ് അലോയ് എത്ര വിമാനങ്ങളിൽ ഉപയോഗിച്ചിട്ടുണ്ടെന്നതിനെ കുറിച്ച് വിവരം ലഭ്യമല്ല. 2022ൽ യുഎസിന് 153 എഫ്35 ജെറ്റുകൾ നൽകാനാണ് ലോക്ക്ഹീഡ് മാർട്ടിനുമായുള്ള കരാർ. ഇതിൽ 88 എണ്ണം ഇതിനകം വിതരണം ചെയ്തു.

തങ്ങളുടെ വിമാനം മുൻപത്തെ പോലെ ഇപ്പോഴും സുരക്ഷിതമാണെന്ന നിലപാടിലാണ് ലോക്ഹീഡ് മാർട്ടിൻ. ഉയർന്ന നിലവാരമുള്ള ഉൽപ്പന്നങ്ങൾ വിതരണം ചെയ്യാൻ പ്രതിജ്ഞാബദ്ധമാണെന്ന് അറിയിക്കുകയും ചെയ്തു. ചൈന, ഇറാൻ, ഉത്തര കൊറിയ, റഷ്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ലോഹങ്ങളോ ലോഹസങ്കലനങ്ങളോ ഉപയോഗിച്ച് ആയുധങ്ങൾ നിർമ്മിക്കുന്നത് പെന്റഗൺ വിലക്കിയിട്ടുണ്ട്. ഈ വിലക്ക് ലോക്ഹീഡ് മാർട്ടിൻ ലംഘിച്ചത് ഗൗരവത്തോടെയാണ് അധികൃതർ കാണുന്നത്. എന്നാൽ മുൻകാലങ്ങളിൽ ഈ വിലക്കിൽ ചില ഇളവുകൾ ആയുധ വിതരണക്കാർക്ക് ചില പെന്റഗൺ ഉദ്യോഗസ്ഥർ നൽകിയിട്ടുണ്ടെന്നും വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.