
സൂറിച്ച്: അത്‌ലറ്റുകളുടെ സ്വപ്‌ന വേദിയായ ഡയമണ്ട്ലീഗ് ഫൈനലിൽ കിരീടം നേടി ചരിത്രം കുറിച്ച് ജാവലിൻ ത്രോയിലെ ഇന്ത്യൻ ഇതിഹാസം നീരജ് ചോപ്ര. 88.44 മീറ്രർ ദൂത്തേയ്ക്ക് ജാവലിൻ പായിച്ചാണ് ഒളിമ്പിക് സ്വർണമെഡൽ ജേതാവും ലോക ചാമ്പ്യൻഷിപ്പിലെ വെള്ളി നേട്ടക്കാരനുമായ നീരജ് ഡയമണ്ട് ലീഗ് ഫൈനൽസ് കിരീടം നേടുന്ന ആദ്യ ഇന്ത്യൻ താരമായത്.
ആദ്യ ശ്രമം ഫൗളാക്കിയ നീരജ് രണ്ടാം ശ്രമത്തിലാണ് കീരിടമുറപ്പിച്ച 88.44 മീറ്റർ കണ്ടെത്തിയത്. കരിയറിലെ ഏറ്റവും മികച്ച നാലാമത്തെ ദൂരമാണിത്. അടുത്ത ശ്രമങ്ങളിൽ 88.00, 86.11,87.00, 83.60 എന്നിങ്ങനെയായിരുന്നു പ്രകടനം.
ടോക്യോ ഒളിമ്പിക്സിൽ നീരജിന് പിന്നിൽ വെള്ളിയിലൊതുങ്ങിയ ചെക്ക് റിപ്പബ്ലിക്കിന്റെ യാക്കൂബ് വാൻഡെജിനാണ് ഇവിടെയും രണ്ടാം സ്ഥാനം (86.94 മീറ്റർ). 83.73 മീറ്രർ ദൂരമെറിഞ്ഞ ജർമനിയുടെ ജൂലിയൻ വെബർക്കാണ് വെങ്കലം. വിവിധ ഡയമണ്ട് ലീഗുകളിൽ മികച്ച പ്രകടനം പുറത്തെടുത്ത ആറ് താരങ്ങളാണ് ഫൈനൽസിൽ മത്സരിച്ചത്. ലൗസേൻ ഡയമണ്ട് ലീഗിൽ ഒന്നാമതെത്തിയാണ് ഫൈനൽസിന് നീരജ് യോഗ്യത നേടിയത്.