car-sales

കൊച്ചി: ഏറെക്കാലത്തെ ഇടവേളയ്ക്കുശേഷം രാജ്യത്ത് വാഹനവിപണി വീണ്ടും നേട്ടത്തിന്റെ ട്രാക്കിൽ. കഴിഞ്ഞമാസം മൊത്ത, ചില്ലറവില്പനകൾ രേഖപ്പെടുത്തിയത് വൻ വളർച്ചയാണ്. സെമികണ്ടക്ടർ (ചിപ്പ്) ക്ഷാമം കുറഞ്ഞതും ഉത്സവകാലത്ത് വാഹനബുക്കിംഗ് കൂടിയതുമാണ് കരുത്തായത്.

എല്ലാശ്രേണികളിലുമായി മൊത്തവില്പന (ഫാക്‌ടറികളിൽ നിന്ന് ഡീലർഷിപ്പുകളിലേക്ക്) കഴിഞ്ഞമാസം 18 ശതമാനം ഉയർന്നുവെന്ന് സൊസൈറ്റി ഒഫ് ഓട്ടോമൊബൈൽ മാനുഫാക്‌ചറേഴ്‌സ് (സിയാം) വ്യക്തമാക്കി. 2021 ആഗസ്‌റ്റിലെ 15.94 ലക്ഷത്തിൽ നിന്ന് 18.77 ലക്ഷം യൂണിറ്റുകളിലേക്കാണ് വർദ്ധന. പാസഞ്ചർ (കാർ, എസ്.യു.വി., വാൻ) വാഹനങ്ങൾ 21 ശതമാനവും ടൂവീലറുകൾ 16 ശതമാനവും ത്രീവീലറുകൾ 63 ശതമാനവും വില്പനവളർച്ച നേടി.

15.57 ലക്ഷം ടൂവീലറുകളും 2.81 ലക്ഷം പാസഞ്ചർ വാഹനങ്ങളും 38,​369 ത്രീവീലറുകളാണ് കഴിഞ്ഞമാസം പുതുതായി ഡീലർഷിപ്പുകളിലേക്ക് എത്തിയത്.

ചില്ലറനേട്ടം 8.31 ശതമാനം

രാജ്യത്ത് എല്ലാ ശ്രേണികളിലുമായി കഴിഞ്ഞമാസം പുതുതായി നിരത്തിലെത്തിയത് (ചില്ലറ വില്പന)​ 8.31 ശതമാനം വർദ്ധനയോടെ 15.21 ലക്ഷം വാഹനങ്ങളെന്ന് ഫെഡറേഷൻ ഒഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻസ് (ഫാഡ) വ്യക്തമാക്കി. 2021 ആഗസ്‌റ്റിൽ വില്പന 14.04 ലക്ഷം യൂണിറ്റുകളായിരുന്നു.

വിവിധ ശ്രേണികളുടെ പ്രകടനം:

 2 വീലർ : 8.52%

 3 വീലർ : 83.14%

 കാർ : 6.51%

 വാണിജ്യം : 24.12%

 ട്രാക്‌ടർ : -31.72%

 ആകെ : 8.31%