
ന്യൂഡൽഹി: യഥാർത്ഥ നിയന്ത്രണ രേഖയ്ക്കടുത്ത് കിഴക്കൻ ലഡാക്കിൽ ഗോഗ്ര-ഹോട്ട്സ്‌പ്രിംഗ്സിൽ (പി.പി-15) നിന്നുള്ള ചൈനയുടെയും ഇന്ത്യയുടെയും സേനയുടെ പിൻമാറ്റം തിങ്കളാഴ്ചയോടെ പൂർത്തിയാകും. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ഉസ്ബെക്കിസ്ഥാനിലെ ഷാങ്ഹായ് കോ-ഒാപ്പറേഷൻ ഒാർഗനൈസേഷൻ ഉച്ചകോടിക്ക് മുമ്പ് പിൻമാറ്റം പൂർത്തിയാക്കുകയാണ് ലക്ഷ്യം. ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗും ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്. അവിടെ ഇരുവരും കൂടിക്കാഴ്ച നടത്തിയേക്കാമെന്ന അഭ്യൂഹത്തിനിടെയാണ് അധിനിവേശവുമായി ബന്ധപ്പെട്ട് രണ്ടു വർഷമായി തുടരുന്ന തർക്കങ്ങൾക്ക് പരിഹാരം കാണാൻ വ്യാഴാഴ്ച പിൻവാങ്ങൽ ആരംഭിച്ചത്.
മേഖലയിലെ സമാധാനവും ശാന്തതയും നിലനിറുത്തുന്നതിനായി കടന്നുകയറ്റം നടത്തിയ പ്രദേശങ്ങളിൽ നിന്ന് പിൻവാങ്ങുകയും താത്ക്കാലിക നിർമ്മാണങ്ങൾ നീക്കം ചെയ്ത് പരസ്പരം പരിശോധിച്ച് ബോദ്ധ്യപ്പെടുകയും ചെയ്യുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പ്രസ്താവനയിൽ അറിയിച്ചു. പ്രദേശത്ത് ഒരു ബഫർ സോൺ രൂപപ്പെടുത്താനും സാദ്ധ്യതയുണ്ട്.
കനത്ത ഏറ്റുമുട്ടൽ നടന്ന ഗാൽവൻ പ്രദേശത്തു നിന്നുള്ള ഇരുരാജ്യങ്ങളുടെയും പിൻമാറ്റം ഏതാണ്ട് പൂർത്തിയായിക്കഴിഞ്ഞു. 2020 ജൂണിൽ ചൈന നടത്തിയ അധിനിവേശത്തോടെയാണ് തർക്കത്തിനും ഏറ്റുമുട്ടലിനും തുടക്കമായത്. ഏറ്റുമുട്ടലിൽ 40 ചൈനീസ് പട്ടാളക്കാരും 20 ഇന്ത്യൻ പട്ടാളക്കാരും കൊല്ലപ്പെട്ടു. ജൂലായ് 17ന് നടന്ന 16-ാം വട്ട കമാൻഡർ തല ചർച്ചയ്ക്ക് പിറകെയാണ് ഗോഗ്ര-ഹോട്ട്സ്പ്രിംഗ്സ് പ്രദേശത്ത് നിന്ന് പൂർണ്ണമായും പിൻമാറുമെന്ന സംയുക്ത പ്രസ്താവന പുറത്തു വന്നത്.
കരാറനുസരിച്ച് യഥാർത്ഥ നിയന്ത്രണരേഖയിലെ മുൻസ്ഥിതി നിലനിറുത്തുന്നതോടൊപ്പം തത്‌സ്ഥിതിയിൽ മാറ്റം വരുത്തുന്ന വിധത്തിൽ ഏകപക്ഷീയമായ നീക്കം ഉണ്ടാകുന്നില്ലെന്ന് ഇരുരാജ്യങ്ങളും ഉറപ്പുവരുത്തും.
അതേസമയം, ഗാൽവൻ താഴ്‌വരയിലും പാങ്‌ഗോംഗ് തടാകക്കരയിലും ചൈന കടന്നു കയറിയ പ്രദേശങ്ങളിൽ നിന്നുള്ള പിൻമാറ്റം ആരംഭിച്ചിട്ടുണ്ടെങ്കിലും ചൈനീസ് പട്ടാളം വടക്കൻ അതിർത്തിയിൽ ഡെപ്‌സാംഗ് സമതലത്തിൽ കൈവശപ്പെടുത്തിയ ഏറെ പ്രദേശങ്ങളിൽ പിൻമാറ്റമുണ്ടായിട്ടില്ലെന്നാണ് കരുതുന്നത്.
യഥാർത്ഥ നിയന്ത്രണ രേഖയിൽ ഗാൽവൻ താഴ്വരയിൽ നടന്ന അധിനിവേശത്തെ തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് ഉലച്ചിൽ തട്ടിയിരുന്നു. പുതിയ സാഹചര്യത്തിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, മൂന്ന് സേനാമേധാവികൾ, ദേശീയ സുരക്ഷാ ആസൂത്രകർ തുടങ്ങിയവർ അടങ്ങിയ ചൈനീസ് സ്റ്റഡി ഗ്രൂപ്പ് അടുത്ത ദിവസങ്ങ്യിൽ അവലോകനയോഗം ചേർന്നേക്കും. ചൈനയുമായി ബന്ധപ്പെട്ട നയങ്ങളിൽ സർക്കാരിന് ഉപദേശം നൽകുന്ന അനൗദ്യോഗിക സംഘമാണ് ചൈനീസ് സ്റ്റഡി ഗ്രൂപ്പ്.