
റാഗിയുടെ ഗുണങ്ങൾ അറിഞ്ഞാൽ എല്ലാവരും ഈ കുഞ്ഞൻ ധാന്യത്തെ പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുമെന്ന കാര്യത്തിൽ സംശയം വേണ്ട. മറ്റ് അന്നജാഹാരങ്ങളിൽ ഇല്ലാത്ത അമിനോ ആസിഡുകൾ, ഐസോല്യൂസിൻ, മെഥിയോനൈൻ, ഫിനൈൽ അലനൈൻ ഇവ റാഗിയിലുണ്ട്. കാത്സ്യത്തിന്റെയും പൊട്ടാസ്യത്തിന്റെയും ഇരുമ്പിന്റെയും കലവറയാണ് ഈ ചെറുധാന്യം.
ജീവകം സി പ്രത്യേകിച്ചും വിറ്റമിൻ ബി 6, ഫോളിക് ആസിഡ് എന്നിവ റാഗിയിലുണ്ട്. ഡയറ്ററി ഫൈബറും നാരുകളും പോളിഫിനോളും ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ ആന്റി ഓക്‌സിഡന്റ്, ആന്റിഡയബറ്റിക്, ആന്റി മൈക്രോബിയൽ ഗുണങ്ങൾ ഇതിനുണ്ട്. കൊഴുപ്പ് വളരെ കുറഞ്ഞതാകയാൽ റാഗി വളരെ വേഗം ദഹിക്കുന്നു. റാഗിയിൽ ധാരാളം കാത്സ്യമുണ്ട്. കാത്സ്യത്തോടൊപ്പം ജീവകം ഡിയും ഉള്ളതിനാൽ ഇത് എല്ലുകൾക്ക് ശക്തി നൽകുന്നു. കുട്ടികളിൽ എല്ലുകളുടെ വളർച്ചയ്‌ക്കും വികാസത്തിനും സഹായിക്കും.