
ലണ്ടൻ: ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അന്തസുറ്റ പ്രതീകമെന്ന നിലയിൽ ഏഴ് പതിറ്റാണ്ട് ലോകം സ്നേഹാദരങ്ങളോടെ രാജ്ഞി എന്ന് വിളിച്ച രണ്ടാം എലിസബത്ത് രാജ്ഞി ഇനി ചരിത്രത്തിൽ ജ്വലിക്കുന്ന ഒരു യുഗസ്‌മരണ.
സ്കോട്ട്ലൻഡിലെ ബാൽമൊറൽ കൊട്ടാരത്തിൽ 96ാം വയസിൽ എലിസബത്ത് രാജ്ഞി വിടവാങ്ങിയതോടെ കിരീടാവകാശിയായ ഏക പുത്രനും മുൻ വെയിൽസ് രാജകുമാരനുമായ ചാൾസ് ( 73 ) പുതിയ രാജാവായി. ചാൾസ് ഫിലിപ്പ് ആർതർ ജോർജ് ഇനി 'കിംഗ് ചാൾസ് മൂന്നാമൻ' എന്നാവും അറിയപ്പെടുക. ഇന്ന് ലണ്ടനിലെ സെന്റ് ജെയിംസ് കൊട്ടാരത്തിൽ ചാൾസിനെ ഔദ്യോഗികമായി രാജാവായി പ്രഖ്യാപിക്കും. ചാൾസിന്റെ ഭാര്യ കാമില്ലയ്‌ക്ക് രാജ്ഞിയുടെ പദവിയും കൈവരും. ബ്രിട്ടന്റെ ചരിത്രത്തിലെ ഏറ്റവും പ്രായംകൂടിയ രാജാവാണ് ചാൾസ്. ഏറ്റവും കൂടുതൽ കാലം കിരീടത്തിനായി കാത്തിരുന്ന അവകാശിയും അദ്ദേഹമാണ്.
ബ്രിട്ടന്റെ രാജവാഴ്ചയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന എലിസബത്ത് രാജ്ഞി വ്യാഴാഴ്ച വൈകിട്ട് ആറ് മണിക്കാണ് അന്തരിച്ചതെന്ന് ബക്കിംഗ്ഹാം കൊട്ടാരത്തിന്റെ അറിയിപ്പിൽ പറയുന്നു. വ്യാഴാഴ്ച രാവിലെ ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് രാജ്ഞിയെ ഡോക്ടർമാരുടെ നിരീക്ഷണത്തിലാക്കിയിരുന്നു. അന്ത്യസമയത്ത് ചാൾസ് ഉൾപ്പെടെയുള്ള ബന്ധുക്കൾ അടുത്തുണ്ടായിരുന്നു.
കീഴ്‌വഴക്കം അനുസരിച്ച് മരണം നടന്ന് പതിനൊന്നാം ദിവസമാണ് രാജ്ഞിയുടെ സംസ്‌കാരം. വിൻഡ്സർ കൊട്ടാരത്തിൽ ജോർജ് ആറാമൻ രാജാവിന്റെ സ്മാരകമായ ചാപ്പലിൽ ആയിരിക്കും സംസ്കാരം. എലിസബത്ത് രാജ്ഞിയുടെ മാതാപിതാക്കളെയും സഹോദരിയെയും കഴിഞ്ഞ വർഷം അന്തരിച്ച ഭർത്താവ് ഫിലിപ് രാജകുമാരനെയും സംസ്കരിച്ചത് ഇവിടെയാണ്.
കഴിഞ്ഞ ചൊവ്വാഴ്ച ബ്രിട്ടന്റെ 56ാം പ്രധാനമന്ത്രിയായി ലിസ് ട്രസിനെ നിയമിച്ചതിന് പിന്നാലെയാണ് എലിസബത്ത് രാജ്ഞിയുടെ വിയോഗം. തന്റെ കാലത്ത് വിൻസ്റ്റൺ ചർച്ചിൽ മുതൽ പതിനഞ്ച് പ്രധാനമന്ത്രിമാരെയാണ് രാജ്ഞി നിയമിച്ചത്.
1926 ഏപ്രിൽ 21ന് ജനിച്ച എലിസബത്ത് 1952 ഫെബ്രുവരി 6ന് 25ാം വയസിലാണ് ബ്രിട്ടന്റെ രാജ്ഞിയായി അധികാരമേറ്റത്. അപ്പോഴേക്കും ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ കിരീടത്തിലെ രത്നം എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന ഇന്ത്യ ബ്രിട്ടന്റെ കോളണി വാഴ്ചയിൽ നിന്ന് സ്വാതന്ത്ര്യം നേടിയിരുന്നു. എലിസബത്ത് രാജ്ഞിയുടെ വാഴ്ചക്കാലത്ത് മറ്റ് പല രാജ്യങ്ങളും സ്വാതന്ത്ര്യം നേടിയെങ്കിലും ഇന്ത്യ ഉൾപ്പെടെ 56 രാജ്യങ്ങളും 240കോടി ജനങ്ങളും ഉൾപ്പെടുന്ന കോമൺവെൽത്തിന്റെ അധിപയായി രാജ്ഞി തുടർന്നു. ഇതിൽ ബ്രിട്ടൻ ഉൾപ്പെടെ പതിനഞ്ച് രാജ്യങ്ങളുടെ രാഷ്‌ട്രത്തലവന്റെ പദവിയും വഹിച്ചു. ഈ പദവികളെല്ലാം ഇനി ചാൾസ് മൂന്നാമൻ രാജാവിൽ വന്നു ചേരും.