queen-elizabeth

ലണ്ടൻ: ബ്രിട്ടിനിലെ എലിസബത്ത് രാജ്ഞിയുടെ വേർപാടിൽ കായിക ലോകത്തും വലിയ സങ്കടം. ലോകമെമ്പാടുമുള്ള നിരവധി കായിക പ്രതിഭകൾ രാഞ്ജിയ്ക്ക് സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ ആദരാഞ്ജലി അ‌ർപ്പിച്ചു. മത്സരങ്ങൾ മാറ്റിവച്ചും മത്സരങ്ങൾക്ക് മുൻപ് മൗനാചരണം നടത്തിയും കറുത്ത ആംബാൻഡ് ധരിച്ചും രാജ്ഞിയ്ക്ക് രാഞ്ജിയ്ക്ക് കായിക ലോകം ആദരം നൽകി. ഈ വീക്കെൻഡിലും രാജ്ഞിയുടെ ഭൗതീക ദേഹം സംസ്കരിക്കുന്ന ദിവസവും ഒരു കായിക മത്സരവും നടത്തരുതെന്ന് ബ്രിട്ടീഷ് ഗവൺമെന്റ് നിർദ്ദേശിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം അതാത് കായിക സംഘടനകൾക്ക് തീരുമാനിക്കുമെന്നും ഗവൺമെന്റ് അറിയിച്ചിരുന്നു.

ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ ഈ വീക്കെൻഡിൽ നടക്കേണ്ടിയിരുന്ന മത്സരങ്ങൾ എല്ലാം മാറ്റിവച്ചു. ഇതോടൊപ്പം ഈ ആഴ്ച അവസാനത്തിൽ നിശ്ചയിച്ചിരുന്ന എല്ലാ ആഭ്യന്തര ഫുട്ബാൾ മത്സരങ്ങളും മാറ്റിവച്ചതായി ഇംഗ്ലണ്ട് ഫുട്ബാൾ അസോസിയേഷൻ (എഫ്.എ),വേൽസ്, സ്കോട്ടിഷ്,അയർലൻഡ് ഫുട്ബാൾ അസോസിയേഷനുകളും അറിയിച്ചു.

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യൂറോപ്പ ലീഗ്, വെസ്റ്റ് ഹാമിന്റെ കോൺഫറൻസ് ലീഗ് മത്സരങ്ങൾക്ക് മുൻപ് രാജ്ഞിയ്ക്ക് ആദരമ‌ർപ്പിച്ചു.

ഓവൽ വേദിയാകുന്നു ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മിൽ ഇന്നലെ തുടങ്ങേണ്ടിയിരുന്ന ഒന്നാം ടെസ്റ്റിന്റെ ആദ്യ രണ്ട് ദിനങ്ങളും ഉപേക്ഷിച്ചു. ഈ ടെസ്റ്റ് ത്രിദിന മത്സരമായി നടത്തും. ബ്രിട്ടിനിൽ ഈ ആഴ്ച അവസാനം നടക്കേണ്ടിയിരുന്ന റഗ്ബി, ഗോൾഫ്, ബോക്സിംഗ്, ഹോഴ്സ്റെയ്സിംഗ്, അത്‌ലറ്രിക്സ്,ടെന്നിസ്,​ സൈക്ലിംഗ് തുടങ്ങി എല്ലാ കായിക മത്സരങ്ങളും മാറ്രിവച്ചു.