sea

മെക്സികോ: ഹോളിവുഡ് ചിത്രങ്ങളിലെ രംഗത്തിന് സമാനമായ വീഡിയോ ദൃശ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്.ഒറ്റനോട്ടത്തിൽ കടലിന് നടുവിൽ തീപിടിച്ചതായി തോന്നുമെങ്കിലും, കടലിന് താഴെയുള്ള പൈപ്പ്ലൈനിലെ വാതക ചോർച്ചമൂലമുണ്ടായ തീപിടിത്തമാണ് വീഡിയോ ദൃശ്യങ്ങളിലൂടെ പ്രചരിക്കുന്നത്. മെക്സിക്കോ ഉൾക്കടലിൽ കഴിഞ്ഞ ജൂലൈയിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ റെഡ്ഡിറ്റ് എന്ന സോഷ്യൽ മീഡിയ പ്ളാറ്റ്ഫോം വഴി വീണ്ടും ജനശ്രദ്ധയാകർഷിക്കുന്നത്.

ലാവ പ്രവഹിക്കുന്നത് പോലെ കടലിന് നടുവിൽ തീപടർന്ന് കത്തുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്, കടലിലെ തീഗോളത്തിന് ചുറ്റും കൂടിയ ബോട്ടുകൾ തീയണക്കാനായി ശ്രമിക്കുന്നതും കാണാം.

മെക്സിക്കൻ ഗവൺമെന്റിന് കീഴിലുള്ള പെട്രോളിയം കമ്പനിയായ പെമെക്സിന്റെ സമുദ്രാന്തർ ഭാഗത്തുള്ള പൈപ്പ്ലൈനിലുണ്ടായ ചോർച്ചയാണ് ഇത്തരത്തിലൊരു അവിശ്വസനീമായ തീപിടുത്തത്തിലേയ്ക്ക് നയിച്ചത്. പെമെക്സ് കമ്പനിയുടെ വിശദീകരണ പ്രകാരം കനത്ത മഴയെ തുടർന്നുണ്ടായ പ്രതികൂല കാലാവസ്ഥ മൂലമാണ് പൈപ്പ്ലൈൻ ചോർച്ചയുണ്ടായത്. ചോർച്ചയെ തുടർന്ന് ഗ്യാസ് സമുദ്ര ഉപരിതലത്തിലെത്തുകയും ഇടിമിന്നലേറ്റ് ദൃശ്യങ്ങളിലേത് പോലെ തീ പടരുകയുമായിരുന്നു. അഞ്ച് മണിക്കൂറോളം പണിപ്പെട്ടാണ് പെമെക്സ്, കടലിലെ അഗ്നിബാധ നിയന്ത്രണ വിധേയമാക്കിയത്.