
ന്യൂഡൽഹി : 2024ലെ ലോകസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ പ്രമുഖ നേതാക്കൾക്ക് ചുമതല നൽകി ബി.ജെ.പി പട്ടിക പുറത്തിറക്കി. മുൻകേന്ദ്രമന്ത്രിയും മുതിർന്ന നേതാവുമായ പ്രകാശ് ജാവദേക്കറിന് കേരളഘടകത്തിന്റെ ചുമതല നൽകി. രാധാ മോഹൻ അഗർവാളിനാണ് സഹചുമതല.
മലയാളിയായ അരവിന്ദ് മേനോനാണ് തെലങ്കാനയിലെ ബി.ജെ.പി ഘടകത്തിന്റെ സഹചുമതല നൽകിയിരിക്കുന്നത്.
2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ദക്ഷിണേന്ത്യയിൽ കൂടുതൽ സീറ്റുകൾ നേടുക എന്ന ലക്ഷ്യത്തോടെയാണ് ബി.ജെ.പിയുടെ നീക്കം, തെലങ്കാനയും തമിഴ്‌നാടുമാണ് ബി.ജെ.പിയുടെ പ്രധാന ലക്ഷ്യം. കേരളത്തെയും ഏറെ പ്രാധാന്യത്തോടെ കാണുന്നു എന്നതിന്റെ തെളിവാണ് പ്രകാശ് ജാവദേക്കറെ പോലുള്ള നേതാവിനെ കേരളത്തിന്റെ ചുമതലയിലേക്ക് കൊണ്ടുവരുന്നതിന് പിന്നിൽ.
നിലവിൽ കർണാടകയിൽ മാത്രമാണ് ദക്ഷിണേന്ത്യയിൽ ബി.ജെ.പി അധികാരത്തിലുള്ളത്. തെലങ്കാനയിൽ അടുത്ത തിരഞ്ഞെടുപ്പോടെ മുഖ്യപ്രതിപക്ഷമാകാൻ സാധിക്കുമെന്നാണ് ബി.ജെ.പി കരുതുന്നത്. തമിഴ്‌നാട്ടിൽ എ.ഐ.എ.ഡി.എം.കെയിലെ ഭിന്നത മുതലെടുത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റ് നേടാനാവുമെന്നും പാർട്ടി കണക്കുകൂട്ടുന്നു.