nasa

ന്യൂയോർക്ക്: നാസയുടെ ചരിത്ര ചാന്ദ്ര പര്യവേഷണ പദ്ധതിയായ ആർട്ടെമിസിലെ ആദ്യ ദൗത്യമായ ആർട്ടെമിസ് -1 ന്റെ വിക്ഷേപണം ഈ മാസം 23നോ 27നോ നടന്നേക്കും. ആഗസ്റ്റ് 29, സെപ്റ്റംബർ 3 തീയതികളിൽ നടത്തിയ വിക്ഷേപണ ശ്രമങ്ങൾ സാങ്കേതിക തകരാറിനെ തുടർന്ന് മാറ്റിവച്ചിരുന്നു.

അതേസമയം, മൂന്നാം ശ്രമത്തിനുള്ള തീയതികളിൽ ഇനിയും മാറ്റമുണ്ടായേക്കാനിടയുണ്ട്. ദൗത്യത്തിനുപയോഗിക്കുന്ന എസ്.എൽ.എസ് (സ്പേസ് ലോഞ്ച് സിസ്റ്റം) റോക്കറ്റിലെ ഇന്ധനച്ചോർച്ച പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഫ്ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിലെ ലോഞ്ചിംഗ് പാഡിൽ തന്നെയാണ് എസ്.എൽ.എസ് ഇപ്പോഴുള്ളത്.

എസ്.എൽ.എസിന്റെ താഴ്ഭാഗത്തെ കോർ സ്റ്റേജ് ടാങ്കിലെ അൾട്രാ-കോൾഡ് ലിക്വിഡ് ഹൈഡ്രജൻ ഇന്ധനച്ചോർച്ച കണ്ടെത്തിയതോടെയാണ് രണ്ടാം ശ്രമം പരാജയപ്പെട്ടത്. ആളില്ലാ പേടകമായ ഒറിയോണിനെ ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിക്കുകയാണ് എസ്.എൽ.എസിന്റെ ലക്ഷ്യം.

വരുംവർഷങ്ങളിൽ ഒറിയോൺ പേടകത്തിലാണ് മനുഷ്യനെ ചന്ദ്രനിലെത്തിക്കുക. ആർട്ടെമിസ് - 2ലൂടെ മനുഷ്യനെ ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിക്കും. 2025ലോ അതിന് ശേഷമോ ആർട്ടെമിസ് - 3 യിലൂടെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഒരു വനിത ഉൾപ്പെടെയുള്ള സഞ്ചാരികളെ ഇറക്കും.