
സൂറിച്ച്: ഇന്ത്യൻ അത്‌ലറ്രുകൾക്ക് ഇതുവരെ അപ്രാപ്യനമായിരുന്ന ഡയമണ്ട് ലീഗ് ഫൈനൽസ് കിരീടവും സ്വന്തമാക്കി ജൈത്രയാത്ര തുടരുകയാണ് ജാവലിൻ ത്രോയിൽ രാജ്യത്തിന്റെ രത്നമായ നീരജ് ചോപ്ര. 88.44 മീറ്റർ ദൂരത്തേയ്ക്ക് ജാവലിൻ എറിഞ്ഞാണ് ഡയമണ്ട് ലീഗ് ഫൈനൽസ് കിരീടം നീരജ് കൈപ്പിടിയിൽ ഒതുക്കിയത്.
ആഗസ്റ്റിൽ ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ 88.13 മീറ്രർ എറിഞ്ഞ് നീരജ് വെള്ളി നേടിയിരുന്നു. അന്ന് 90.54 മീറ്രർഎറിഞ്ഞ് സ്വർണം നേടിയ ഗ്രെനാഡയുടെ ആൻഡേഴ്സൺ പീറ്റേഴ്സ് കഴിഞ്ഞിയിടെ അടിപിടിക്കേസിൽ കുടുങ്ങി പരിക്കിന്റെ പിടിയിൽ ആയിരുന്നതിൽ ഡയമണ്ട് ലീഗ് ഫൈനൽസിൽ മത്സരിക്കാനുണ്ടായിരുന്നില്ല.
ലോക അത്‌ലറ്റിക്ക് മീറ്റിന് ശേഷം പരിക്കിനെത്തുടർന്ന് വിശ്രമത്തിലായിരുന്ന നീരജിലെ കോമൺവെൽത്ത് ഗെയിംസിൽ പങ്കെടുക്കാനായിരുന്നില്ല.
ഡയമണ്ട്സ് ലീഗ് ഫൈനൽസ് കിരീട നേട്ടത്തോടെ സീസൺ അവസാനിപ്പിക്കാനായതിൽ സന്തോഷമുണ്ടെന്ന് നീരജ് ട്വീറ്റ് ചെയ്തു. ഒളിമ്പിക് സ്വർണ നേട്ടത്തിന് ശേഷം ഫിറ്റ്‌നസ് ബാലൻസ് ചെയ്യുക വലിയ വെല്ലുവിളിയായിരുന്നു. നിരവിധി സ്വീകരണച്ചടങ്ങുകളും മറ്രുപരിപാടികളും വന്നതിനാൽ ശരീരഭാരം എപ്പോഴും പരിശോധിക്കുകയും അധികം ഭക്ഷണം കഴിക്കുന്നില്ല എന്ന് ഉറപ്പുവരുത്തുകയും വേണമായിരുന്നു. ഈ വെല്ലുവിളികളല്ലാം വിജയകരമായി മറികടക്കാനായി. പരിശീലന സമയത്ത് മറ്റൊന്നിലും ശ്രദ്ധിക്കാതെ പൂർണമായും സമർപ്പിക്കുമായിരുന്നു. ഇപ്പോൾ ലോക കായികരംഗം ഇന്ത്യൻ അത്‌ലറ്റിക്സിലേക്കും താരങ്ങളുടെ പ്രകടനത്തിലേക്കും ശ്രദ്ധിക്കുന്നതിൽ സന്തോഷമുണ്ട്.- നീരജ് പറഞ്ഞു.
ഫൈവ്സ്റ്റാർ 
ഷെല്ലി
വനിതകളുടെ 100 മീറ്ററിൽ നിലവിലെ ഒളിമ്പിക് ചാമ്പ്യൻ ജമൈക്കൻ സ്പ്രിന്റ് ഇതിഹാസം ഷെല്ലി ആൻ ഫ്രേസർ 10.65 സെക്കൻഡിൽ ഫിനിഷ് ചെയ്ത് കിരീടം നേടി. ഡയമണ്ട് ലീഗ് ഫൈനൽസിൽ 35 കാരിയായ ഷെല്ലി അഞ്ചാം തവണയാണ് ചാമ്പ്യൻ പട്ടം സ്വന്തമാക്കുന്നത്. നാല് തവണ 100 മീറ്ററിലും ഒരു തവണ 200 മീറ്ററിലും. മുൻ ചാമ്പ്യൻ ജമൈക്കയുടെ തന്നെ ഷെറിക്ക ജാക്സൺ രണ്ടാമതും ഐവറി കോസ്റ്റ് താരം  മേരി ഹോസെ താ ലൂ മൂന്നാമതും ഫിനിഷ് ചെയ്തു. 200 മീറ്ററിൽ ഷെറിക്ക ചാമ്പ്യനായി ( 21.81 സെക്കൻഡ്). പുരുഷൻമാരുടെ 100 മീറ്ററിൽ യു.എസ് താരം ട്രയ്വോൺ ബ്രൊമൽ 9.94 സെക്കൻഡിൽ ഒന്നാമതെത്തി. ജമൈക്കയുടെ യൊഹാൻ ബ്ലേക്ക് (10.05 സെക്കൻഡ്) രണ്ടാമതും കാനഡയുടെ ആരോൺ ബ്രൗൺ (10.06 സെക്കൻഡ്) മൂന്നാമതും ഓടിയെത്തി.