
പാരീസ് : രണ്ട് പാക് തീവ്രവാദികളെ ആഗോള ഭീകരരായി പ്രഖ്യാപിക്കാൻ യു.എന്നിൽ സംയുക്ത നീക്കം തുടങ്ങി ഇന്ത്യയും ഫ്രാൻസും. ജെയ്ഷെ മുഹമ്മദ് അംഗങ്ങളായ മൊഹിയുദ്ദീൻ ഔറംഗസേബ്, അലി കാഷിഫ് ജാൻ എന്നിവർക്കെതിരെ ഉപരോധം ഏർപ്പെടുത്താനുള്ള ഐക്യരാഷ്ട്ര സംഘടന സുരക്ഷാ കൗൺസിലിലെ ഇന്ത്യയുടെ നിർദ്ദേശത്തെയാണ് ഫ്രാൻസ് പിന്തുണയ്ക്കുന്നത്.
പുൽവാമ, പത്താൻകോട്ട് ഭീകരാക്രമണങ്ങളിലെ മാസ്റ്റർ മൈൻഡുകളാണിവർ. വരുന്ന 14, 15 തീയതികളിൽ ഫ്രഞ്ച് വിദേശകാര്യ മന്ത്രി കാതറിൻ കൊളോന ആദ്യമായി ഇന്ത്യ സന്ദർശിക്കാനിരിക്കെയാണ് നിർണ്ണായക നീക്കം.
അതേസമയം, ഫ്രാൻസിനെ കൂടാതെ മറ്റ് സുരക്ഷാ കൗൺസിൽ സ്ഥിരാംഗങ്ങളായ യു.എസ്, യുകെ, ചൈന, റഷ്യ എന്നിവരുടെ പിന്തുണയുണ്ടെങ്കിലേ ഇവരെ ആഗോള ഭീകരർ ആയി പ്രഖ്യാപിക്കാനാകൂ. പാക് ഭീകരർക്ക് ഉപരോധം തീർക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് ചൈന വീറ്റോ പ്രയോഗിക്കുന്നത് പതിവാണ്.