
മംഗളൂരു: ബസിൽ നിന്ന് യാത്രക്കാരനെ പുറത്തേയ്ക്ക് ചവിട്ടി വീഴ്ത്തി കർണാടക ട്രാൻസ്പ്പോർട്ട് കോർപ്പറേഷൻ കണ്ടക്ടർ. മദ്യപിച്ച് യാത്ര ചെയ്തു എന്ന് ആരോപിച്ചാണ് യാത്രക്കാരനെ ബസിൽ നിന്നും ചവിട്ടി താഴെയിട്ടത്. പരിക്കേറ്റ യാത്രക്കാരനെ മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു.
മദ്യപിച്ച് ബസിൽ യാത്ര ചെയ്യുന്നതിനെ കുറിച്ച് യാത്രക്കാരനുമായി കണ്ടക്ടർ വാക്കുതർക്കത്തിലേർപ്പെട്ടിരുന്നു, ഇതിനെ തുടർന്ന് ബസിന് പുറത്തേയ്ക്ക് ചവിട്ടി വീഴ്ത്തുകയായിരുന്നു. റോഡിലേയ്ക്ക് പുറം തിരിഞ്ഞു വീണ യാത്രക്കാരന് നട്ടെല്ലിന് സാരമായ പരിക്കേറ്റിട്ടുണ്ട്. ഇയാളുടെ ചികിത്സ ചിലവ് കർണാടക ട്രാൻസ്പ്പോർട്ട് കോർപ്പറേഷൻ ഏറ്റെടുത്തു. റോഡിൽ പുറമിടിച്ചു വീണ യാത്രക്കാരനെ വകവെയ്ക്കാതെ ബസുമായി മുന്നോട്ട് പോകുന്ന കണ്ടക്ടടറുടെ ദൃശ്യങ്ങൾ പ്രചരിച്ചതിനെ തുടർന്നുണ്ടായ അന്വേഷണത്തിൽ ദക്ഷിണ കന്നഡയിലെ പുത്തൂർ ഡിപ്പോയിലെ കണ്ടക്ടറായ സുകുരാജ് റായെ കർണാടക ട്രാൻസ്പ്പോർട്ട് കോർപ്പറേഷൻ സസ്പെൻഡ് ചെയ്തിട്ടുണ്ട്. കണ്ടക്ടറുടെ ഭാഗത്ത് നിന്നുണ്ടായ മോശം പ്രതികരണത്തിൽ ഖേദം പ്രകടിപ്പിച്ച് കർണാടക ആർ. ടി. സി എം ഡി രംഗത്തെത്തി.യാത്രക്കാർക്കെതിരെ ഇത്തരം സംഭവങ്ങൾ തുടർന്നാൽ കർക്കശമായ നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സംഭവസമയത്ത് യാത്രക്കാരൻ അമിതമായി മദ്യപിച്ചിരുന്നു, പ്രകോപനപരമായി പെരുമാറിയതിനെ തുടർന്നാണ് പ്രതികരിച്ചതെന്നാണ് കണ്ടക്ടറായ സുകുരാജ് റായ് നൽകിയ വിശദീകരണം.