kohli

ദുബായ്: രണ്ട് വർഷവും ഒൻപതുമാസത്തിനും ശേഷം...കൃത്യമായി പറഞ്ഞാൽ 1020 ദിവസം നീണ്ട കാത്തിരിപ്പിനെ അതിർത്തി കടത്തി വിരാട് കൊഹ്‌ലിയുടെ ബാറ്റിൽ നിന്ന് അന്താരാഷ്ട്ര സെഞ്ച്വറി പിറന്നിരിക്കുന്നു. ഏഷ്യാകപ്പിൽ ഫൈനലിൽ എത്താതെ ഇന്ത്യ പുറത്തായതിന്റെ ദു:ഖത്തിലും ആരാധക‌ർക്ക് ആശ്വാസവും ആഹ്ലാദവും പകുരുന്നുണ്ട് അഫ്ഗാനിസ്ഥാനെതിരായ ഏഷ്യാകപ്പിലെ സൂപ്പർ ഫോർ മത്സരത്തിൽ ഓപ്പണറായി ഇറങ്ങി കൊഹ്‌ലി നേടിയ സെഞ്ച്വറി. 2019 നവംബർ 23ന് അന്താരാഷ്ട്ര തലത്തിലെ എഴുപതാം സെഞ്ച്വറി നേടിയ ശേഷം 71ലേക്കുള്ള മൂന്ന് വർഷത്തോളം നീണ്ട കാത്തിരിപ്പിനിടെ ടീമിന്റെ ക്യാപ്ടൻ സ്ഥാനം ഉൾപ്പെടെ പലതും വിരാടിന് നഷ്ടമായി. ടീമിലെ സ്ഥാനം പോലും ചോദ്യം ചെയ്യപ്പെട്ടു. പത്ത് വർഷത്തോളം ടീമിന്റെ നെടും തൂണായിരുന്നയാൾ ഇപ്പോൾ ബാധ്യതയാണെന്ന് പലയിടത്തുനിന്നും വിമർശനമുയർന്നു. ഇതിനെല്ലാം അയാൾക്ക് മറുപടി പറയേണ്ടതുണ്ടായിരുന്നു. ഇടയ്ക്കെപ്പോഴൊ കൈമോശം വന്ന താളം തിരികെപ്പിടിച്ച് അദ്ദേഹം വിമർശനങ്ങൾക്ക് മറുപടി പറഞ്ഞു. 84 ഇന്നിംഗ്സിന് ശേഷം പിറന്ന സെഞ്ച്വറിക്ക് ശേഷം സ്വതസിദ്ധമായ ആഗ്രസീവ്നസിലൂടെയല്ല വിരാട് അത് ആഘോഷിച്ചത്. മറിച്ച് ആ മുഖത്ത് പ്രകടമായത് വലിയ ആശ്വാസമായിരുന്നു. ബാറ്റുയർത്തി ഗാലറിയിലേക്ക് നോക്കിയുള്ള നിറഞ്ഞ ചിരിയിലുണ്ടായിരുന്നു അയാൾ അതുവരെ അനുഭവിച്ച പിരിമുറക്കത്തിന്റെ വ്യാപ്തി. ചുണ്ടിലെ ചിരിക്കൊപ്പം നിറഞ്ഞ കണ്ണുകളോടെയാണ് ആരാധകർ ആ വലിയ സന്തോഷം ഏറ്റെടുത്തത്. ഇനി ഓസ്ട്രേലിയയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കും എതിരായ പരമ്പരകളിലും ട്വന്റി-20 ലോകകപ്പിലും നിറഞ്ഞാടാനുള്ള ഊർജ്ജം കൊഹ്‌ലി നേടിക്കഴിഞ്ഞുവെന്നാണ് ഇന്ത്യൻ ടീമിന്റെയും ആരാധകരുടേയും കണക്കുകൂട്ടൽ.

ദുബായിൽ അഫാഗാനെതിര 53 പന്ത് നേരിട്ട് 11 ഫോറും 4 സിക്സും ഉൾപ്പെടെയാണ് സെഞ്ച്വറി തികച്ചത്. ആകെ നേടിയത് പുറത്താകാതെ 61 പന്തിൽ 12 ഫോറും 6 സിക്സും ഉൾപ്പെടെ 122 റൺസ്. 19-ാം ഓവറിലെ രണ്ടാം പന്തിൽ ഫരീദ് അഹമ്മദിനെ ഡീപ്മിഡ് വിക്കറ്റിന് മുകളിലൂടെ സിക്സ് പറത്തിയാണ് കൊഹ്‌ലി രാജ്യാന്തര ട്വന്റി-20യിൽ തന്റെ ആദ്യ സെഞ്ച്വറി കുറിച്ചത്. രോഹിത് ശർമ്മയെ മറികടന്ന് അന്താരാഷ്ട്ര ട്വന്റി-20യിൽ ഒരിന്ത്യൻ താരത്തിന്റെ ഉയർന്ന് സ്കോ‌ർ എന്ന നേട്ടവും കൊഹ്‌ലി സ്വന്തമാക്കി. ഏറ്റവും കൂടുതൽ അന്താരാഷ്ട്ര സെഞ്ച്വറി നേടിയ താരങ്ങളിൽ സച്ചിന് (100)​ പിന്നിൽ റിക്കി പോണ്ടിംഗിനൊപ്പം (71)​ രണ്ടാം സ്ഥാനത്തെത്താനും കൊഹ്‌ലിക്കായി.

ഇന്ത്യയ്ക്ക് ജയം

ഫലം അപ്രസക്തമായ സൂപ്പർ ഫോ‌ർ മത്സരത്തിൽ ഇന്ത്യ അഫ്ഗാനെ 101 റൺസിനാണ് കീഴടക്കിയത്. കൊഹ്‌ലിയുടെ സെഞ്ച്വറിക്കൊപ്പം രോഹിതിന് പകരം ക്യാപ്ടനായ കെ.എൽ. രാഹുൽ ()​ അർദ്ധ സെഞ്ച്വറി നേടിയപ്പോൾ ഇന്ത്യ 20 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 212 റൺസെടുത്തു. മറുപടിക്കിറങ്ങിയ അഫ്ഗാന് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 111 റൺസെടുക്കാനെ ആയുള്ളൂ. ഭുവനേശ്വർ 4 ഓവറിൽ 1 മെയ്ഡനുൾപ്പെടെ 4 റൺസ് മാത്രം നൽകി 5 വിക്കറ്റ് വീഴ്ത്തി.