greentea

ജീവിതരീതികളെ കൃത്യമാക്കാൻ പാടുപെടുകയുംപലപ്പോഴും അത് വേണ്ടത്ര വിജയിക്കുകയും ചെയ്യാതെ വിഷമിക്കുന്നവർ നിരവധിയാണ്. ഭക്ഷണ ക്രമമില്ലായ്മയിൽ നിന്നും ജീവിതശൈലി രോഗങ്ങളെ മാടി വിളിക്കുന്നവരാണ് നമ്മളോരോരുത്തരും. പല രീതിയിലുള്ള പരീക്ഷണങ്ങൾ നടത്തിയിട്ടും ഫലം കണ്ടെത്താത്തവർക്ക് ഇതാ ഒരാശ്വാസ വാർത്ത. ജീവിതശൈലി പ്രശ്‌നങ്ങളിൽ പലതിനും ഒരു പരിഹാരമാണ് ഗ്രീൻടീ. ഇത് കേവലം ഒരു പാനീയം മാത്രമല്ല. നിരവധി പ്രശ്നങ്ങളുടെ പരിഹാരമാർഗവുമാണ്. തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതു മുതൽ ശരീര ഭാരം കുറയ്ക്കുന്നതിനും, കൊഴുപ്പ് കുറയ്ക്കാനും, ക്യാൻസർ ഹൃദ്രോഗ സാദ്ധ്യതകൾ കുറയ്ക്കുന്നതിനും,​ ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്താനും ഗ്രീൻ ടീ ബെസ്‌റ്റാണ്.

ഓക്സിഡൈസ് ഇല്ലാത്ത ഇലകളിൽ നിന്നാണ് ഗ്രീൻ ടീ നി‌ർമ്മിക്കുന്നത്.ധാരാളം ആന്റി ഓക്സിഡന്റുകളും ഗുണം ചെയ്യുന്ന പോളിഫെനോളുകളും അടങ്ങിയിരിക്കുന്നു. രക്തസ്രാവം,​ ശരീരതാപനില നിയന്ത്രിക്കാനും മുറിവുകൾ ഉണങ്ങാനും, ദഹനത്തെ സഹായിക്കാനും മാനസികാരോഗ്യം മെച്ചപ്പെടുത്താനും പരമ്പരാഗതമായി മരുന്നുകളിൽ ആളുകൾ ഗ്രീൻ ടീ ഉപയോഗിച്ചു വന്നിരുന്നു.

കാൻസർ പ്രതിരോധം

ഗ്രീൻ ടീ ഉപയോഗമുള്ള രാജ്യങ്ങളിൽ കാൻസർ നിരക്ക് പൊതുവെ കുറവായിരിയ്ക്കും. പക്ഷെ ക്യാൻസർ പൂർണമായും ഇല്ലാതാക്കും എന്നതിന് തെളിവുകളില്ല. 2020-ലെ ഡാറ്റാബേസ് അവലോകനത്തിൽ മനുഷ്യരിലെ എപ്പിഡെമിയോളജിക്കൽ, പരീക്ഷണാത്മക പഠനങ്ങൾ ക്യാൻസറിനുള്ള സാദ്ധ്യത കുറയ്ക്കാൻ ഗ്രീൻ ടീ ഉപഭോഗം പ്രയോജനപ്പെടുന്നു എന്ന് തെളിഞ്ഞിട്ടുണ്ട് . 142 ഓളം പഠനങ്ങളിലായി 11 ലക്ഷത്തോളം ആളുകളെ പഠനവിധേയമാക്കിയപ്പോഴാണ് ഇക്കാര്യങ്ങൾ വ്യക്തമായത്.

ശരീരഭാരം കുറയ്ക്കുന്നു

ഗ്രീൻ ടീയിലെയും കഫീനിലെയും കാറ്റച്ചീനുകൾ ഊർജ്ജ അപചയം വർദ്ദിപ്പിക്കുന്നത്തിൽ പങ്ക് വഹിക്കുന്നു. ഇത് ശരീരഭാരം കുറയ്ക്കാൻ ഇടയാക്കുമെന്ന് നിരവധി പഠനങ്ങൾ കണ്ടെത്തിയിരുന്നു. ഗ്രീൻ ടീ, കൊഴുപ്പ് ഇല്ലാതാക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. ദഹനം മെച്ചപ്പെടുത്തി കൊഴുപ്പിനെ കത്തിച്ചുകളയുന്നു.

ചർമ്മത്തെ മെച്ചപ്പെടുത്തുന്നു

2019 ൽ നടത്തിയ ഒരു വിശകലന പഠനത്തിൽ ഗ്രീൻ ടീയിൽ ആന്റി ഇൻഫ്ലമേറ്ററി ഘടകങ്ങളുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. സൗന്ദര്യവർദ്ധക വസ്തുക്കളിൽ ടീ എക്സ്ട്രാക്റ്റ് ഉപയോഗിക്കുന്നുണ്ട്. ഇത് ചർമ്മത്തിൽ മികച്ച മാറ്റങ്ങൾക്ക് സഹായിക്കുന്നു. ഗ്രീൻ ടീയുടെ സത്ത് ഉപയോഗിക്കുമ്പോൾ ചർമ്മത്തിന്റെ പുറത്ത് അത് നല്ല പ്രതികരണമുണ്ടാക്കുന്നതായി ഗവേഷകർ കണ്ടെത്തി. മറ്റു പ്രശ്നങ്ങൾ ബാധിച്ച ചർമ്മ പ്രദേശങ്ങളിൽ മൈക്രോ സർക്കുലേഷൻ മെച്ചപ്പെട്ടതായും അവർ കണ്ടെത്തി.

ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു

2006 ലെ പഠനങ്ങളിൽ ഗ്രീൻ ടീ ഉപഭോഗം പതിവാക്കിയവരിൽ ഹൃദയ സംബന്ധമായ രോഗങ്ങൾ മൂലമുള്ള മരണനിരക്ക് കുറയ്‌ക്കുന്നതുമായി കണ്ടെത്തി. പ്രതിദിനം കുറഞ്ഞത് അഞ്ച് കപ്പ് ഗ്രീൻ ടീ കുടിക്കുന്നവരിലാണ് മരണസാദ്ധ്യത കുറയുന്നത്. ഗ്രീൻ ടീയുടെ ഉപഭോഗം ഹൃദയ, രക്തക്കുഴലുകളുമായി ബന്ധപ്പെട്ട രോഗങ്ങളുടെ അപകടസാദ്ധ്യതയും കുറയ്ക്കുന്നു. ഗ്രീൻ ടീയിലെ പോളിഫെനോളുകൾ രക്തസമ്മർദ്ദം കുറയ്ക്കുകയും വീക്കം കുറയ്ക്കുകയും എപ്പിത്തീലിയൽ പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് കണ്ടെത്തി, ഇത് അമിതഭാരമോ അമിതവണ്ണമോ ഉള്ളവരിൽ ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കും.

 പ്രമേഹം കുറയ്ക്കുന്നു 

ചായ കുടിക്കുന്നവരേക്കാൾ ഗ്രീൻ ടീ കുടിക്കുന്നവരിൽ ടൈപ്പ് 2 പ്രമേഹത്തിനുള്ള സാദ്ധ്യത കുറവാണെന്ന് ചിലർ അഭിപ്രായപ്പെടുന്നു. ഗ്രീൻ ടീ ഉപഭോഗവും ഫാസ്റ്റിംഗ് ഗ്ലൂക്കോസും ഫാസ്റ്റിംഗ് ഇൻസുലിൻ അളവും തമ്മിലുള്ള പരസ്പരബന്ധം ചില പഠനങ്ങളിൽ കണ്ടെത്തിയിരുന്നു. പൊതുവിൽ പ്രമേഹ രോഗികളിൽ ഗ്രീൻടീ നല്ല ഫലമാണ് ചെയ്യുന്നത്.