
ബ്രിട്ടീഷ് രാജകുടുംബാംഗങ്ങളെ ലോകം സ്നേഹിക്കുമ്പോൾ ചാൾസ് രാജകുമാരൻ എന്നും വിവാദങ്ങളുടെ തോഴൻ ആയിരുന്നു. ഡയാന രാജകുമാരിയുമായുള്ള വിവാഹവും പ്രക്ഷുബ്ധമായ ദാമ്പത്യവും വിവാഹമോചനവും ഡയാനയുടെ അപകടമരണവും തന്നേക്കാൾ രണ്ട് വയസ് കൂടുതലുള്ള കാമില്ല പാർക്കർ ബൗൾസുമായുള്ള ചാൾസിന്റെ ബന്ധവും വിവാഹവും ആണ് ഏറെ കോളിളക്കമുണ്ടാക്കിയത്.
1981ലാണ് ചാൾസും ഡയാനയും വിവാഹിതരായത്. ലോകത്തെ ഏറ്റവും സൗന്ദര്യമുള്ള സ്‌ത്രീകളുടെ കൂട്ടത്തിൽ ഇന്നും എണ്ണപ്പെടുന്ന ഡയാനയുമായുള്ള ചാൾസിന്റെ ബന്ധം സുഖകരമായിരുന്നില്ല. ഇരുവരുടെയും വിവാഹേതര ബന്ധങ്ങൾ ആണ് പ്രധാന കാരണം. ആ ബന്ധത്തിലെ മക്കളാണ് വില്യം രാജകുമാരനും ഹാരി രാജകുമാരനും. 1992ൽ ഉലഞ്ഞ ബന്ധത്തിനിടെ ചാൾസും ഡയാനയും ഇന്ത്യ സന്ദർശിച്ചിരുന്നു. അന്ന് അനശ്വര പ്രണയത്തിന്റെ സ്‌മാരകമായ താജ്മഹലിന് മുന്നിൽ ഡയാന ഒറ്റയ്‌ക്കിരുന്ന് ഫോട്ടോ എടുത്തു. ഒപ്പമിരിക്കാൻ ചാൾസ് വിസമ്മതിച്ചു. നാല് വർഷം വെവ്വേറെ താമസിച്ച ശേഷം 1996ൽ ചാൾസും ഡയാനയും വിവാഹമോചിതരായി. 1997ൽ പാരീസിൽ ഒരു കാറപകടത്തിൽ ഡയാന മരിച്ചു.
കാമില്ലയുമായുള്ള ചാൾസിന്റെ ദീഘകാല ബന്ധം 2005ൽ വിവാഹത്തിൽ കലാശിച്ചു. അതിന് മുമ്പ് ഇരുവരുടെയും ഫോൺകാളുകളിലെ അശ്ലീല പരാമർശങ്ങൾ പരസ്യമായത് വൻ വിവാദമായിരുന്നു.
പരിസ്ഥിതി സംരക്ഷണത്തിന് വേണ്ടി വാദിക്കുന്ന ചാൾസ് 2017ൽ കാലാവസ്ഥാ കരാറുകൾ അട്ടിമറിക്കാൻ ശ്രമിച്ച ഒരു കമ്പനിയിൽ പണം നിക്ഷേപിച്ചത് വിവാദമായിരുന്നു. പാരഡൈസ് പേപ്പേഴ്സ് എന്ന പേരിൽ ഈ ഇടപാട് ബി. ബി. സി റിപ്പോർട്ട് ചെയ്‌തിരുന്നു.
ബ്രിട്ടീഷ് രാജകുടുംബം രാഷ്‌ട്രീയ നിഷ്പക്ഷതയ്ക്ക് പേര് കേട്ടതാണ്. അതിന് കളങ്കമായി ചാൾസ് 2004 - 2005 കാലത്ത് പ്രധാനമന്ത്രി ടോണി ബ്ലെയർ ഉൾപ്പെടെയുള്ള നേതാക്കൾക്കും മന്ത്രി മാർക്കും എഴുതിയ കത്തുകളും വിവാദമായി. സൈനിക ഹെലികോപ്റ്ററുകൾ മാറ്റുന്നതുൾപ്പെടെ നയപരമായ ഒട്ടേറെ കാര്യങ്ങളിൽ ശുപാർശ ചെയ്യുന്നതായിരുന്നു ബ്ലാക് സ്പൈഡർ മെമോസ് എന്ന പേരിൽ അറിയപ്പെട്ട ആ കത്തുകൾ.