d

രാമനാട്ടുകര: നായ കുറുകെചാടിയതിനെ തുടർന്ന് നിയന്ത്രണംവിട്ട ഗുഡ്‌സ് ഓട്ടോറിക്ഷ മറിഞ്ഞ് യുവാവ് മരിച്ചു. ഐക്കരപ്പടി കൈതക്കുണ്ടയിൽ ശ്രീനിലയത്തിൽ മുരളിയുടെയും ഗീതയുടെയും മകൻ സൗരവ് (21) ആണ് മരിച്ചത്. ഓട്ടോ ഓടിച്ചിരുന്ന രാഹുൽ ശങ്കറിനെ (24)പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഫാറൂക്ക് കോളേജ് - വാഴക്കാട് റോഡിൽ കാരാട് പറമ്പ് സ്ഥാനാർത്ഥിപടിയിൽ ഇന്നലെ പുലർച്ചെ 5.15 ഓടെയാണ് അപകടം. നൈറ്റ്‌ ഇവന്റ്‌സ് എന്ന ഡെക്കറേഷൻ സ്ഥാപനത്തിലെ ജോലിക്കാരായ ഇരുവരും ജോലികഴിഞ്ഞ് മടങ്ങവേയായിരുന്നു അപകടം. നായ കുറുകെ ചാടിയതിനെത്തുടർന്ന് ഓട്ടോ നിയന്ത്രണം വിട്ട് റോഡരികിലെ വീടിന്റെ ഗേറ്റിന്റെ തൂണിൽ ഇടിച്ചു മറിയുകയായിരുന്നു. തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ സൗരവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സഹോദരൻ: മിഥുൻ ലാൽ. വാഴക്കാട് എസ്.ഐ. കെ. സുരേഷ്‌കുമാറിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്‌ മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് മൃതദേഹം വിട്ടുനൽകി.