
ന്യൂഡൽഹി: ഭാരത് ജോഡോ യാത്രയ്ക്കായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ധരിച്ച ടി ഷർട്ടിന്റെ വില 41,000 ആണെന്ന് ബി.ജെ.പി. ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വഴിയാണ് രാഹുൽ ടി ഷർട്ട് ധരിച്ചുനിൽക്കുന്ന ചിത്രവും സമാനമായ ടി ഷർട്ടിന്റെ വില ഉൾപ്പെടുന്ന ചിത്രവും ബി.ജെ.പി പങ്കുവച്ചത്. ‘ഭാരത് ദേഖോ’ എന്നാണ് ബർബറി എന്ന കമ്പനിയുടെ 41,257 രൂപ വിലയുള്ള ഷർട്ടാണിത് എന്ന കുറിപ്പിനൊപ്പം ചിത്രം പങ്കുവച്ച് ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്. ഭാരത് ജോഡോ യാത്രയ്ക്കു ജനങ്ങളുടെ ഇടയിൽ ലഭിക്കുന്ന സ്വീകാര്യതയെ പേടിയാണോയെന്ന് ബി.ജെ.പിയുടെ കുറിപ്പിന് മറുപടിയായി കോൺഗ്രസ് ട്വിറ്റർ കുറിപ്പിലൂടെ ചോദിച്ചു. ‘‘പ്രശ്നങ്ങളെക്കുറിച്ചു സംസാരിക്കുക. തൊഴിലില്ലായ്മയെയും വിലക്കയറ്റത്തെയും കുറിച്ചു സംസാരിക്കുക. ഇനി വസ്ത്രങ്ങളെക്കുറിച്ചാണ് സംസാരിക്കേണ്ടതെങ്കിൽ മോദിയുടെ 10 ലക്ഷത്തിന്റെ സ്യൂട്ടിനെയും ഒന്നര ലക്ഷത്തിന്റെ കണ്ണടയെക്കുറിച്ചും സംസാരിക്കാം. എന്താണ് ചെയ്യേണ്ടതെന്നു പറയൂ...’’ – ബി.ജെ.പിയുടെ അക്കൗണ്ട് ടാഗ് ചെയ്ത കോൺഗ്രസ് ചോദിച്ചു. ജനങ്ങളുടെ പണം ഉപയോഗിച്ചല്ല രാഹുൽ വസ്ത്രം വാങ്ങുന്നതെന്നും കമന്റുകളിൽ പറയുന്നു
അമിത് ഷായെ പരിഹസിച്ച് തൃണമൂലിന്റെ ടി ഷർട്ടുകൾ
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കടന്നാക്രമിച്ച് തൃണമൂൽ കോണ്ഗ്രസിന്റെ ടി ഷർട്ടുകൾ. അമിത് ഷായുടെ കാർട്ടൂണിനൊപ്പം, ഇന്ത്യയുടെ ഏറ്റവും വല്യ പപ്പു എന്ന അടിക്കുറിപ്പോടെയാണ് ടി ഷർട്ടുകൾ ഇറക്കിയിരിക്കുന്നത് . കഴിവില്ലാത്തവനായി ചിത്രീകരിച്ച് കോൺഗ്രസ് എം,പി രാഹുൽ ഗാന്ധിയെ പരിഹസിക്കാൻ ബി.ജെ.പി ഉപയോഗിക്കുന്ന പ്രയോഗമാണ് പപ്പു. അതാണിപ്പോൾ ബി.ജെ.പിക്കെതിരെ തൃണമൂൽ ആയുധമാക്കുന്നത്. കൽക്കരി ഖനി അഴിമതിയുമായി ബന്ധപ്പെട്ട ഇ.ഡി ചോദ്യം ചെയ്യലിനു ശേഷം രണ്ടാം തീയതി മാദ്ധ്യമങ്ങളോട് സംസാരിക്കവേ തൃണമൂൽ എം.പി അഭിഷേക് ബാനർജിയാണ് അമിത് ഷായെ ഇന്ത്യയുടെ ഏറ്റവും വല്യ പപ്പു എന്ന് വിളിച്ചത്. അതേ ദിവസം തന്നെ തൃണമൂൽ നേതാവ് ഡെറക്ക് ഒ ബ്രയനും അഭിഷേക് ബാനർജിയുടെ ബന്ധുക്കളായ ആകാശ് ബാനർജിയും അദിതി ഗയെനും സമൂഹ മാദ്ധ്യമങ്ങളിൽ കാർട്ടൂണും അടിക്കുറിപ്പും അടങ്ങിയ ടിഷർട്ട് ഇട്ട് പ്രത്യക്ഷപ്പെടുകയായിരുന്നു.ഒക്ടോബറിൽ ബംഗാളിലെ ദുർഗ പൂജ ആഘോഷങ്ങളോടനുബന്ധിച്ച് ടി ഷർട്ട് പ്രവർത്തകർക്കിടയിലും സാധാരണക്കാർക്കിടയിലും പ്രചരിപ്പിക്കാനാണ് ലക്ഷ്യം.കറുപ്പ്,ചുവപ്പ്, മഞ്ഞ തുടങ്ങി വിവിധ കളറുകളിൽ ഷർട്ട് ലഭ്യമാണ്.