
ന്യൂഡൽഹി: അഖിലേന്ത്യാ ഫുട്ബാൾ അസോസിയേഷന് പിന്നാലെ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനും (ഐ.ഒ.എ) വിലക്ക് ഭീഷണി. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനിലെ ഭരണ പ്രതിസന്ധി ഉടൻ പരിഹരിക്കണമെന്നും ഡിസംബറിനുള്ളിൽ തിരഞ്ഞെടുപ്പ് പൂർത്തിയാക്കണമെന്നും അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി ഇന്ത്യൻ ഒളിമ്പിക്സ അസോസിയേഷന് നിർദ്ദേശം നൽകി. ഡിസംബറിനുള്ളിൽ തിരഞ്ഞടുപ്പ് നടത്തി ഭരണ പ്രതിസന്ധി പരിഹരിച്ചില്ലെങ്കിൽ ഇന്ത്യയെ വിലക്കുമെന്ന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി അന്ത്യശാസനം നൽകി. വിലക്ക് വന്നാൽ ഇന്ത്യൻ കായിക താരങ്ങൾക്ക് വലിയ തിരിച്ചിടിയാകും.ഒളിമ്പിക്സിൽ ഉൾപ്പെടെ പങ്കെടുക്കുന്ന കാര്യം അനിശ്ചിതത്വത്തിലാകും. ഒപ്പം ഐ.ഒ.എയ്‌ക്ക് നൽകുന്ന ധനസഹായവും ഐ.ഒ.സി തടയും.
തെരഞ്ഞെടുപ്പ് നടത്തുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ ക്രിയാത്മകമായ പരിഹാരത്തിനായി ഒരു റോഡ് മാപ്പ് ഉണ്ടാക്കും. അടുത്ത വർഷം മേയിൽ മുംബയിൽ നടത്താൻ തീരുമാനിച്ചിരുന്ന ഐ.ഒ.സി എക്‌സിക്യൂട്ടീവ് ബോർഡ് സെപ്‌റ്റംബറിലേക്കോ ഒക്‌ടോബറിലേക്ക് മാറ്റും. അനിശ്ചിതാവസ്ഥ കണക്കിലെടുത്താണ് മുംബയിലെ യോഗം നീട്ടുന്നതെന്നും ഐ.ഒ.സി വക്താവ് പറഞ്ഞു.