
സോൾ : ആണവായുധ രാഷ്ട്രമാണെന്ന് സ്വയം പ്രഖ്യാപിക്കുന്ന നിയമം പാസാക്കി ഉത്തര കൊറിയ. രാജ്യത്തിന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസിയാണ് ( കെ.സി.എൻ.എ) ഇക്കാര്യം പുറത്തുവിട്ടത്. തീരുമാനം പിൻവലിക്കാനോ മാറ്റം വരുത്താനോ കഴിയാത്തതാണെന്നും ആണവനിരായുധീകരണം സംബന്ധിച്ച ചർച്ചകൾ നടത്തില്ലെന്നും ഭരണാധികാരി കിം ജോംഗ് ഉൻ പ്രഖ്യാപിച്ചു. സ്വയ രക്ഷയ്ക്ക് മുൻകൂട്ടി ആണവായുധ ആക്രമണങ്ങൾ നടത്തുന്നതിനുള്ള രാജ്യത്തിന്റെ അവകാശങ്ങളും നിയമത്തിൽ അനുശാസിക്കുന്നുണ്ട്. ആണവായുധങ്ങളോ സാങ്കേതിക വിദ്യയോ മറ്റ് രാജ്യങ്ങളുമായി പങ്കുവയ്ക്കുന്നതിനെ നിയമം വിലക്കുന്നു. ഉപരോധങ്ങൾ മറികടന്ന് 2006 - 2017 കാലയളവിൽ ആറ് ആണവ പരീക്ഷണങ്ങളാണ് ഉത്തര കൊറിയ നടത്തിയത്. ഐക്യരാഷ്ട്ര സംഘടനയുടെ തീരുമാനങ്ങൾക്ക് വിരുദ്ധമായി സൈനിക, മിസൈൽ ശക്തി വർദ്ധിപ്പിച്ചുകൊണ്ടിരിക്കുന്ന ഉത്തര കൊറിയ അയൽക്കാരായ ദക്ഷിണ കൊറിയയ്ക്കും ജപ്പാനും ഭീതി സൃഷ്ടിക്കുന്നു. അടുത്തിടെ പരീക്ഷിച്ച മിസൈലുകളുടെ പ്രഹരപരിധിയിൽ തങ്ങളും ഉൾപ്പെടുന്നു എന്നത് യു.എസിനും കടുത്ത ആശങ്ക സൃഷ്ടിക്കുന്നുണ്ട്. 2017ലാണ് ഉത്തര കൊറിയ അവസാനമായി ആണവ പരീക്ഷണം നടത്തിയത്. 1945ൽ ഹിരോഷിമയിൽ പതിച്ചതിനേക്കാൾ ആറിരട്ടി ശക്തിയുള്ള 100 കിലോടൺ അണുബോംബിന്റെ പരീക്ഷണമാണ് അന്ന് നടന്നതെന്ന് കരുതുന്നു. അന്നത്തെ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആണവ നിരായുധീകരണം ലക്ഷ്യമിട്ട് കിമ്മുമായി ചർച്ചകൾ നടത്തിയിരുന്നെങ്കിലും എങ്ങുമെത്തിയില്ല. ഉത്തര കൊറിയയുമായി ചർച്ചയ്ക്ക് തയാറാണെന്ന് ബൈഡൻ ഭരണകൂടം സൂചന നൽകിയെങ്കിലും ബൈഡൻ കിമ്മിനെ കാണാൻ തയാറാണോ എന്ന് വ്യക്തമാക്കിയിട്ടില്ല. കൊവിഡ് സഹായം വാദ്ഗദ്ധാനം ചെയ്ത് ബന്ധപ്പെട്ടെങ്കിലും ഉത്തര കൊറിയയുടെ ഭാഗത്ത് നിന്ന് പ്രതികരണങ്ങളൊന്നും ഉണ്ടായില്ലെന്ന് യു.എസ് പറയുന്നു. ഇന്റർ കോണ്ടിനെന്റൽ ബാലിസ്റ്റിക് മിസൈൽ ഉൾപ്പെടെ ഈ വർഷം ഇതുവരെ 31 മിസൈൽ പരീക്ഷണങ്ങളാണ് ഉത്തര കൊറിയ നടത്തിയത്.