pic

ന്യൂയോർക്ക് : ലോകത്തെ നടുക്കിയ 9/11 ഭീകരാക്രമണത്തിന് നാളെ 21 വയസ്. 2001 സെപ്റ്റംബർ 11നാണ് അമേരിക്കൻ ജനതയെ ഞെട്ടിച്ച് കൊണ്ട് റാഞ്ചിയെടുത്ത യാത്രാവിമാനങ്ങളുമായി അൽകൗഇദ ഭീകരർ അപ്രതീക്ഷിത ആക്രമണങ്ങൾ നടത്തിയത്. ന്യൂയോർക്കിൽ തലയെടുപ്പോടെ നിന്നിരുന്ന വേൾഡ് ട്രേഡ് സെന്ററിന്റെ ഇരട്ട ഗോപുരങ്ങളിലേക്ക് രണ്ടെണ്ണവും മൂന്നാമതൊരെണ്ണം യു.എസ് പ്രതിരോധ വകുപ്പിന്റെ ആസ്ഥാനമായ പെന്റഗണിലേക്കും ഇടിച്ചു കയറി.

മറ്റൊന്ന് പെൻസിൽവേനിയയിൽ തകർന്നുവീണു. ഈ വിമാനത്തിന്റെ ആക്രമണലക്ഷ്യം എവിടേക്കായിരുന്നുവെന്ന് ഇന്നും വ്യക്തമല്ല. ആക്രമണത്തിൽ വേൾഡ് ട്രേഡ് സെന്റർ തകർന്ന് നിലംപൊത്തി. നിരപരാധികളായ 2,977 പേർ കൊല്ലപ്പെട്ടു. വിമാനത്തിലുണ്ടായിരുന്ന 19 ഭീകരരും മരിച്ചു.

ജോർജ് ഡബ്ല്യൂ. ബുഷ് ആയിരുന്നു 9/11 ഭീകരാക്രമണ സമയത്ത് അമേരിക്കയുടെ പ്രസിഡന്റ്. ഫ്ലോറിഡയിൽ ഒരു സ്കൂളിലെ പരിപാടിയിൽ പങ്കെടുക്കുന്ന വേളയിലാണ് ഭീകരാക്രമണ വിവരം ബുഷ് അറിയുന്നത്. ഉദ്യോഗസ്ഥനെത്തി ബുഷിനോട് ആക്രമണ വിവരം പറയുന്നതും അദ്ദേഹം ഞെട്ടിയതുമെല്ലാം പരിപാടി ചിത്രീകരിക്കാനെത്തിയ കാമറക്കണ്ണുകളുടെ മുന്നിൽവച്ചായിരുന്നു.

പിൻകാലത്ത് ബുഷിന്റെ ഈ ' ഞെട്ടൽ " ചിത്രങ്ങൾ ലോകപ്രശസ്തമായി. അന്നത്തെ വൈറ്റ്‌ഹൗസ് ചീഫ് ഒഫ് സ്റ്റാഫ് ആയിരുന്ന ആൻഡ്രൂ കാർഡ് ആയിരുന്നു ബുഷിന്റെ ചെവിയിൽ ' അമേരിക്ക ഇസ് അണ്ടർ അറ്റാക്ക്" എന്ന് പറഞ്ഞത്. ആക്രമണം നടന്ന രാത്രി തന്നെ ബുഷ് അമേരിക്കയെ അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു.

മൂന്നാം ദിവസം ഭീകരാക്രമണം നടന്ന സ്ഥലം അദ്ദേഹം സന്ദർശിച്ചു. ആക്രമണങ്ങൾക്ക് മറുപടി നൽകുമെന്ന് ബുഷ് അവിടെ വച്ച് പ്രഖ്യാപിച്ചു. 85 ശതമാനത്തോളം അമേരിക്കൻ ജനത അന്ന് ഭീകരതയ്ക്കെതിരെ ബുഷിനൊപ്പം അണിനിരന്നു. 2004ൽ രണ്ടാം തവണയും പ്രസിഡന്റ് സ്ഥാനത്തേക്ക് ബുഷ് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

കൂടുതൽ ആക്രമണങ്ങൾ ഉണ്ടായേക്കാമെന്ന മുന്നറിയിപ്പിനെ തുടർന്ന് ബുഷിനെ ലൂസിയാനയിലെയും നെബ്രസ്കയിലേയും മിലിട്ടറി ബേസുകളിലേക്ക് മാറ്റിയപ്പോൾ വൈസ് പ്രസിഡന്റ് ഡിക്ക് ചേനി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ വൈറ്റ് ഹൗസിലെ ഒരു ബങ്കറിനുള്ളിൽ നിന്നാണ് സർക്കാർ നടപടികളെ ഏകോപിപ്പിച്ചത്.

9/11 ഭീകരാക്രമണത്തിന്റെ മാസ്റ്റർമൈൻഡായ അൽകൗഇദ തലവൻ ഒസാമ ബിൻ ലാദനെ ആക്രമണം നടന്ന് ഒരു ദശാബ്ദമാകുന്നതിന് തൊട്ടുമുന്നേ 2011 മേയിലാണ് പാകിസ്ഥാനിലെ അബോട്ടാബാദിൽ വച്ച് യു.എസ് കമാൻഡോകൾ വധിച്ചത്.