salad

പാചകം ചെയ്താൽ പോഷകഗുണം നഷ്ടപ്പെടുമെന്ന് കരുതി പച്ചക്കറികൾ പച്ചയ്ക്ക് കഴിക്കുന്നവരാണ് പല ഫിറ്റ്നസ് പ്രേമികളും. എന്നാൽ ചില പച്ചക്കറികൾ പച്ചയായോ ജ്യൂസായോ കഴിക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യില്ല എന്നത് മാത്രമല്ല ദോഷകരമായി ബാധിക്കുമെന്നാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്. പച്ചക്കറികളുടെ രുചിയും ഗുണവും നിലനിർത്താൻ അൽപ്പമെങ്കിലും പാചകം ചെയ്ത ശേഷം മാത്രം കഴിക്കണമെന്നാണ് ഇവർ പറയുന്നത്. കൂടാതെ ചില പച്ചക്കറികളിൽ വിഷാംശങ്ങൾ അടങ്ങിയിട്ടുണ്ട്. അതിനാൽ ഇവ പച്ചയ്ക്ക് കഴിക്കുന്നത് ഉദര സംബന്ധമായ നിരവധി പ്രശ്നങ്ങൾക്ക് കാരണമാകുന്നു.

നമ്മുടെ ശരീരത്തിനാവശ്യമായ ഇരുമ്പ്, പൊട്ടാസ്യം, വിറ്റാമിനുകൾ, ധാതുക്കൾ തുടങ്ങിയവ എല്ലാം ഇലക്കറികളിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ ചീരയും മുരിങ്ങയിലയുമെല്ലാം ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നമ്മുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. എന്നാൽ സാലഡായോ അല്ലാതെയോ ഇവ പച്ചയ്ക്ക് കഴിക്കുന്നത് ഓക്കാനം, വയറിളക്കം, ക്ഷീണം തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. കൂടാതെ ശരീരത്തിൽ ബാക്ടീരിയകളുടെ വളർച്ചയ്ക്കും ഇത് കാരണമാകുന്നു. ഈ ബാക്ടീരിയകൾ വെള്ലത്തിൽ കഴുകിയാൽ നശിക്കില്ല. അതിനാൽ എണ്ണയിൽ വഴറ്റിയോ ആവിയിൽ വേവിച്ചോ കഴിക്കാവുന്നതാണ്. സ്വാദ് വർദ്ധിപ്പിക്കുന്നതിനായി മസാലകൾ ചേർക്കുകയോ താളിക്കുകയോ ചെയ്യാവുന്നതാണ്.

കൂടാതെ ചൂടാക്കിയ ഭക്ഷണം കഴിക്കുന്നത് നിങ്ങളുടെ കുടലിലെ രക്തയോട്ടം വർദ്ധിപ്പിച്ച് ദഹനം വേഗത്തിലാക്കാൻ സഹായിക്കുന്നു. വേവിച്ച ഭക്ഷണം ആമാശയത്തിൽ എളുപ്പത്തിൽ വിഘടിക്കുകയും പോഷകങ്ങൾ ശരീരം ശരിയായി ആഗിരണം ചെയ്യുകയും ചെയ്യുന്നു. ഒപ്പം, പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ചുമ, ജലദോഷം എന്നിവയിൽ നിന്ന് ആശ്വാസം ലഭിക്കുന്നതിനും നിങ്ങൾക്ക് പച്ചക്കറികൾ പാചകം ചെയ്തോ സൂപ്പ് ആക്കിയോ ദിവസവും കഴിക്കാവുന്നതാണ്.