wayanad

കൽപ്പറ്റ: തിരുവോണ നാളിൽ വയനാട് ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ വൻ സന്ദർശക പ്രവാഹം. വയനാട് ജില്ലയുടെ എതാണ്ട് എല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളിലും രാവിലെ മുതൽ തന്നെ ജനത്തിരക്ക് കാണാമായിരുന്നു. ചെറിയ തോതിൽ അനുഭവപ്പെട്ട മഴയപ്പോലും അവഗണിച്ചാണ് ചുരത്തിന് മുകളിലേക്ക് ടൂറിസ്റ്റുകൾ പ്രവഹിച്ചത്. രണ്ടുവർഷത്തെ കൊവിഡ് നിയന്ത്രണത്തെ തുടർന്നുളള ഒാണാഘോഷം ചുരത്തിന് മുകളിൽ ടൂറിസ്റ്റുകൾ മതിമറന്ന് ആഘോഷിക്കുകയും ചെയ്തു. വിനോദസഞ്ചാരികളുടെ പ്രവാഹത്തെ തുടർന്ന് ചുരത്തിലും വൻ ഗതാഗത തടസം അനുഭവപ്പെട്ടു. മണിക്കൂറുകളോമാണ് ഗതാഗത തടസമുണ്ടായത്.

ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നിയന്ത്രണത്തിലുളള സ്ഥാപനങ്ങളിൽ നല്ല കളക്‌ഷനാണ് ഇത്തവണ ലഭിച്ചതും. പൂക്കോട്, കർലാട്, കാന്തൻപാറ, വയനാട് ഹെറിറ്റേജ് മ്യൂസിയം, ചീങ്ങേരി, എടക്കൽഗുഹ, സുൽത്താൻ ബത്തേരി ടൗൺ സ്ക്വയർ എന്നിവിടങ്ങളിൽ നല്ല തിരക്കായിരുന്നു. തോൽപ്പെട്ടി, മുത്തങ്ങ വയനാട് വന്യജീവി സങ്കേത കേന്ദ്രങ്ങളിലും ജനത്തിരക്ക് ഏറി. ലക്കിടിയിലെ എൻ ഉൗരിൽ മഴയെ തുടർന്ന് ഉച്ചയ്ക്ക് ഒരു മണിവരെയായിരുന്നു പ്രവേശനം. നിരവധി പേർ തിരുവോണ നാളിൽ എൻ ഉൗരിൽ എത്തിയെങ്കിലും പ്രവേശനം ഉച്ചവരെയാക്കിയതിനാൽ നിരാശരായി മടങ്ങുന്ന കാഴ്ചയും കണ്ടു.

ജില്ലയിലെ കാരാപ്പുഴ, ബാണാസുരസാഗർ ഡാമിലും ടൂറിസ്റ്റുകൾ ഏറെ വന്നു. മാനന്തവാടി പഴശ്ശി പാർക്കിലും പഴശ്ശികുടീരത്തിലും മാവിലാം തോട് എന്നിവിടങ്ങളിലേക്കും സന്ദർശക പ്രവാഹമായിരുന്നു. കാലവർഷത്തെ തുടർന്ന് കുറുവ ദ്വീപ് അടച്ചിട്ടിരിക്കുകയാണ്. തിരുവോണ ദിവസത്തിന് പുറമെ ഇന്നലെയും ഇതേപോലെ സന്ദർശക പ്രവാഹമായിരുന്നു.

കൊവിഡിനെ തുടർന്ന് പ്രതിസന്ധിയിലായ വയനാട് ജില്ലയിലെ റിസോർട്ടുകളും ഹോം സ്റ്റേകളും ഒന്നുണർന്നത് തിരുവോണത്തെ തുടർന്നാണ്. ജീവനക്കാരുടെ ആനുകൂല്യത്തിന്റെ പേരിൽ കഴിഞ്ഞ ആറാം തീയതി ടൂറിസം ജീവനക്കാർ സൂചനാസമരം നടത്തിയിരുന്നു. ഇത് ജില്ലയിലെത്തിയ ടൂറിസ്റ്റുകൾക്ക് ബുദ്ധിമുട്ട് സൃഷ്ട‌ിച്ചു. ആനുകൂല്യം അനുവദിക്കാത്ത പക്ഷം സമരം ശക്തമാക്കുമെന്ന് ഇൗ രംഗത്ത് പ്രവർത്തിക്കുന്ന ഐക്യ ട്രേഡ് യൂണിയനുകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.