പ്രസവത്തിന് ശേഷം ചർമ്മം വലിഞ്ഞുതൂങ്ങുന്നതും സ്ട്രെച്ച് മാർക്കുകൾ ഉണ്ടാവുന്നതും മിക്കവാറും സ്ത്രീകളും നേരിടുന്ന പ്രശ്നമാണ്. ഇത്തരം പ്രശ്നങ്ങൾ ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിക്കുന്നതിൽ നിന്ന് സ്ത്രീകളെ പിന്തിരിപ്പിക്കുകയും അപകർഷതാബോധം ഉണ്ടാകാൻ കാരണമാവുകയും ചെയ്യുന്നു. എന്നാൽ ഇത്തരം പ്രശ്നങ്ങൾ എളുപ്പത്തിൽ പരിഹരിക്കാവുന്നതാണ്. ആത്മവിശ്വാസവും പ്രയത്നിക്കാനുള്ള മനസും ഉണ്ടെങ്കിൽ അനായാസം ലക്ഷ്യത്തിൽ എത്തിച്ചേരാൻ കഴിയും.
ഗർഭധാരണത്തിന് പിന്നാലെ ശരീരഭാരം വർദ്ധിക്കുന്നതാണ് പ്രസവത്തിന് ശേഷം ചർമ്മം വലിയാനും സ്ട്രെച്ച് മാർക്കുകൾ ഉണ്ടാകാനും കാരണം. ശരീരം പഴയരീതിയിൽ എത്താൻ കുറച്ച് കാലതാമസം ഉണ്ടാകും. ഡോക്ടർറുടെ അനുമതിയോടുകൂടി മാത്രമേ ശരീരഘടന വീണ്ടെടുക്കുന്നതിനുള്ള പ്രക്രിയകളിലേയ്ക്ക് കടക്കാൻ പാടുള്ളൂ. ഇത്തരം കാര്യങ്ങൾ ശീലിച്ചാൽ ശരീരഭംഗി വീണ്ടെടുത്ത് നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കാൻ കഴിയും.
കാർഡിയോ വർക്ക്ഒട്ടുകൾ ശീലമാക്കുക: ദിവസേന വ്യായാമം ചെയ്താൽ മാത്രമേ ആഗ്രഹിക്കുന്ന ഫലം ലഭിക്കുകയുള്ളൂ. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുന്നതിനും പേശികൾ ബലപ്പെടുത്തുന്നതിനും കാർഡിയോ ശീലമാക്കണം. നടത്തം, ജോഗിംഗ്, ഓട്ടം, നീന്തൽ, സൈക്ളിംഗ് തുടങ്ങിയ വ്യായാമങ്ങൾ ശീലമാക്കാം.
ആരോഗ്യകരമായ ഭക്ഷണം ശീലമാക്കുക: വ്യായാമത്തിന്റെ ഫലം നിങ്ങൾ ലഭിക്കണമെങ്കിൽ ആരോഗ്യകരമായ ഭക്ഷണം കഴിക്കേണ്ടത് വളരെ പ്രധാനമാണ്. ധാരാളം പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, കൊഴുപ്പ് കുറഞ്ഞ പാലുൽപ്പന്നങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. ദൈനംദിന ഭക്ഷണത്തിൽ ധാരാളം പ്രോട്ടീൻ ഉൾപ്പെടുത്തണം. ഇത് ചർമ്മത്തിന്റെ ശക്തി വർദ്ധിപ്പിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു.
സ്ട്രെംഗ്ത് ട്രെയിനിംഗ് വ്യായാമങ്ങൾ: പ്രസവാനന്തരം ഡോക്ടറുടെ നിർദേശപ്രകാരം മാത്രം വ്യായാമത്തിന്റെ തോത് വർദ്ധിപ്പിക്കുക. സ്ട്രെംഗ്ത് ട്രെയിനിംഗ് ശരീരഘടന മികച്ചതാക്കാൻ സഹായിക്കുന്നു. പേശികൾ ശക്തിപ്പെടുന്നത് ചർമ്മം മുറുകുന്നതിന് സഹായിക്കുന്നു. സിറ്റ് അപ്പുകൾ, പുഷ് അപ്പുകൾ, യോഗ, പൈലറ്റ്സ്, എയറോബിക്സ്, നൃത്തം എന്നിവ വ്യായാമത്തിൽ ഉൾപ്പെടുത്താം.
മസാജ്: പ്രസവാനന്തരം ഇടയ്ക്കിടെ ശരീരത്തിൽ മസാജ് ചെയ്യുന്നത് ശരീരഘടന നിലനിർത്താൻ സഹായിക്കുന്നു. പ്രകൃതിദത്ത എണ്ണകൾ മസാജിനായി ഉപയോഗിക്കുന്നതും നല്ല ഫലം ചെയ്യും.
ധാരാളം വെള്ളം കുടിക്കണം: മികച്ച ശരീരഘടന ലഭിക്കുന്നതിനായി ധാരാളം വെള്ളം കുടിക്കേണ്ടത് വളരെ പ്രധാനമാണ്. ഇത് ചർമ്മം തിളക്കമുള്ളതും മൃദുവാകാനും സഹായിക്കുന്നു.