
പാലക്കാട്: കടയിൽ സാധനം വാങ്ങാൻ പോയ യുവാവിനെ തെരുവ് നായ ആക്രമിച്ചു. പട്ടാമ്പി വിളയൂരിലാണ് സംഭവം. സാബിത്ത് എന്നയാളെയാണ് തെരുവ് നായ ആക്രമിച്ചത്. നായയുടെ ആക്രമണത്തിനിടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച സാബിത്തിന് വീണ് പരിക്കേറ്റു.
തൃശൂർ കോടനല്ലൂരിൽ ഇന്ന് രാവിലെ തെരുവ് നായ കുറുകെ ചാടി ഇരുചക്ര വാഹന യാത്രക്കാരന് പരിക്കേറ്റിരുന്നു. പുത്തൻ റോഡ് സ്വദേശി ഫ്രാൻസിസിനാണ് പരിക്കേറ്റത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തെരുവുനായയുടെ ആക്രമണത്തെ തുടർന്ന് കഴിഞ്ഞ ദിവസം ബൈക്കിൽ നിന്ന് വീണ ഭിന്നശേഷിക്കാരിയായ യുവതി ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്. ഭർത്താവിനോടൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുമ്പോഴായിരുന്നു സംഭവം. പിന്നാലെ ഓടിയ നായയെ ബാഗുപയോഗിച്ച് ചെറുക്കുന്നതിനിടെ ബൈക്കിൽ നിന്ന് വീഴുകയായിരുന്നു. തിപ്പലിശേരി മേഴത്തൂർ ആശാരി വീട്ടിൽ ശശിയുടെ ഭാര്യ ഷൈനിക്കാണ് പരിക്കേറ്റത്. തലയ്ക്ക് പരിക്കേറ്റ ഷൈനിയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.