army

ന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ ഗോഗ്ര- ഹോട്സ്പ്രിംഗ് പ്രദേശത്ത് നിന്നും സെപ്തംബർ 12നകം സൈനികരെ പിൻവലിക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കുമെന്ന് വിദേശമന്ത്രാലയം. ഇരു രാജ്യങ്ങളുടെയും കോർപ്സ് കമാന്റർമാർ തമ്മിലുള്ള പതിനാറാം വട്ട ചർച്ചയ്ക്ക് ശേഷമാണ് തീരുമാനം. 2022 ജൂലായ് 17ന് ചുഷുല്‍ മോള്‍ഡോ പോയിന്റില്‍ വച്ചാണ് കൂടിക്കാഴ്ച നടന്നത്.

പതിനാറാം വട്ട ചർച്ചയ്ക്ക് ശേഷം ഇന്ത്യ-ചൈന അതിർത്തി പ്രദേശങ്ങളിലെ നിയന്ത്രണരേഖയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഇരുപക്ഷവും പതിവായി ബന്ധം പുലർത്തിയിരുന്നെന്നും വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു. ഇതിന്റെ ഫലമായി ഗോഗ്ര- ഹോട്സ്പ്രിംഗ് മേഖലയിൽ നിന്ന് പിന്മാറുന്നതിന് ഇരുപക്ഷവും സമ്മതിച്ചിട്ടുണ്ട്. ഘട്ടംഘട്ടമായി ഈ മേഖലയിൽ നിന്ന് സൈനികരെ പിൻവലിക്കാനാണ് ഇരുരാജ്യങ്ങളുടെയും തീരുമാനം.

ഇരു സൈന്യവും തമ്മിൽ രണ്ട് വർഷത്തിലേറെയായി സംഘർഷാവസ്ഥ നിലനിന്നിരുന്ന ഗോഗ്ര- ഹോട്സ്പ്രിംഗ് പ്രദേശത്ത് നിന്ന് പിന്മാറുന്നതായി ഇരുസൈന്യങ്ങളും അറിയിച്ചതിന് പിന്നാലെയാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം. ഇരു സൈന്യങ്ങളും ഉണ്ടാക്കിയ എല്ലാ താൽക്കാലിക നിർമ്മാണങ്ങളും പൊളിച്ച് നീക്കി പ്രദേശം സംഘർഷത്തിന് മുമ്പുണ്ടായിരുന്ന രീതിയിലേയ്ക്ക് മാറ്റും. മേഖലയിലെ യഥാർത്ഥ നിയന്ത്രണരേഖ കർശനമായി നിരീക്ഷിക്കുമെന്നും കരാർ പ്രകാരം ഉറപ്പ് നൽകുന്നുവെന്നും നിലവിലെ സ്ഥിതിയിൽ ഏകപക്ഷീയമായ മാറ്റമുണ്ടാകില്ലെന്നും മന്ത്രാലയം അറിയിച്ചു.