രണ്ടാം ഭാഗത്തിന് പേര് പ്രഖ്യാപിച്ച് അയാൻ മുഖർജി

രൺബീർ കപൂർ - ആലിയഭട്ട് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ബ്രഹ്മാസ്ത്രയ്ക്ക് എതിരെ രൂക്ഷ വിമർശനവുമായി കങ്കണ റണൗട്ട്. സംവിധായകൻ അയാൻ മുഖർജി 600 കോടി രൂപ ചാരമാക്കി എന്ന് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് കങ്കണ ബ്രഹ്മാസ്ത്രയ്ക്കെതിരെ സംസാരിച്ചത്.
നിർമ്മാതാവ് കരൺ ജോഹറിനെയും കങ്കണ ആക്രമിച്ചു. തിരക്കഥയേക്കാൾ മറ്റുള്ളവരുടെ ലൈംഗിക ജീവിതത്തെക്കുറിച്ചറിയാനാണ് കരൺ ജോഹറിന് താത്‌പര്യം. അയാൻ മുഖർജിയെ ജീനിയസ് എന്നു വിളിക്കുന്നവരെയെല്ലാം എത്രയും പെട്ടെന്ന് ജയിലിലടയ്ക്കണം. 12 വർഷമാണ് ഈ സിനിമ പൂർത്തിയാക്കാൻ എടുത്തത്. 600 കോടി ചാരമാക്കി. കങ്കണ കുറിച്ചു. അതേസമയം ബ്രഹ്മാസ്ത്ര 2 ദേവ് എന്നാണ് ചിത്രത്തിന്റെ രണ്ടാംഭാഗത്തിന്റെ പേരെന്ന് അയാൻ മുഖർജി അറിയിച്ചു. രണ്ടാം ഭാഗത്തിൽ ദേവ് ആകാൻ രൺവീർ സിംഗിനെയും ഹൃത്വിക് റോഷനെയും സമീപിച്ചതായാണ് വിവരം. 350 കോടിയിലധികം ചെലവഴിച്ചു നിർമ്മിച്ച ബ്രഹ്മാസ്ത്ര 1 ശിവ ഈ വർഷം പുറത്തിറങ്ങിയ ഏറ്റവും വലിയ ബോളിവുഡ് ചിത്രമാണ്. ഇംഗ്ളീഷ്, തമിഴ്, തെലുങ്ക്, കന്നട, മലയാളം ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തത്.