
കോഴിക്കോട്: കോഴിക്കോട്ടും വന്ധ്യംകരിച്ച നായ പ്രസവിച്ചെന്ന് ആക്ഷേപം. റെയിൽവേസ്റ്റേഷനു സമീപം ഫ്രാൻസിസ് റോഡ് ഓവർബ്രിഡ്ജ് ഇറങ്ങുന്ന ഭാഗത്താണ് വന്ധ്യംകരണത്തിനു ശേഷം തിരികെവിട്ട നായ നാല് കുഞ്ഞുങ്ങളെ പ്രസവിച്ചതായി നാട്ടുകാർ പറയുന്നത്. ചെവി മുറിച്ച നായയുടെയും കുഞ്ഞിന്റെയും വീഡിയോയും പങ്കുവച്ചിട്ടുണ്ട്.
എന്നാൽ ഇത് വ്യാജപ്രചരണമാണെന്ന് കോർപറേഷന്റെ എ.ബി.സി ഇംപ്ലിമെന്റ് ഓഫീസർ ഡോ. വി.എസ്.ശ്രീഷ്മ പറഞ്ഞു. എ.ബി.സി സെന്ററിൽ വന്ധ്യംകരണം നടത്തിയാൽ ചെവിയുടെ ഭാഗം കട്ട് ചെയ്യാറുണ്ട്. അങ്ങനെയുള്ള നായയുടെ സമീപം കുഞ്ഞുനായകളെത്തിയാലോ മുലകുടിച്ചാലോ നായ പ്രസവിച്ചെന്ന് പ്രചരണം നടത്തുന്നത് ശരിയല്ലെന്നും ആക്ഷേപം ഉയർന്ന സാഹചര്യത്തിൽ നായയെ കണ്ടെത്തി പരിശോധനയ്ക്ക് വിധേയമാക്കുമെന്നും ഡോക്ടർ പറഞ്ഞു.