dog

കൊല്ലം: ശാസ്താംകോട്ടയിൽ പൊലീസ് ഉദ്യോഗസ്ഥനും കുടുംബത്തിനും നേരെ തെരുവ് നായയുടെ ആക്രമണം,​ ആറുവയസുകാരൻ ഉൾപ്പെടെ മൂന്നുപേർക്ക് പരിക്കേറ്റു. പത്തനംതിട്ട കോയിപ്രം സ്റ്റേഷനിലെ ഇൻസ്പെക്ടർ സജീഷ് കുമാർ,​ ഭാര്യ രാഖി,​ മകൻ ആറുവയസുകാരൻ ആര്യൻ എന്നിവരെയായിരുന്നു തെരുവ് നായ ആക്രമിച്ചത്. തിരുവോണ ദിവസം ശാസ്താംകോട്ട കായൽ കാണാനെത്തിയതായിരുന്നു കുടുംബം,​ തടാകത്തിന്റെ കരയിൽ നിൽക്കുമ്പോൾ സജീഷ് കുമാറിന്റെ ഭാര്യ രാഖിയെയാണ് തെരുവ് നായ ആദ്യം ആക്രമിച്ചത്. കാലിൽ കടിയേറ്റ ഭാഗം കഴുകുന്നതിനിടെ നായ വീണ്ടുമെത്തി മകൻ ആര്യനെ കടിച്ചു. നായയെ തള്ളിമാറ്റുന്നതിനിടെയാണ് സജീഷ് കുമാറിനും പരിക്കേറ്റത്. കുടുംബം ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സ തേടി.

വയനാട്ടിലും തെരുവ് നായയുടെ ആക്രമണത്തിൽ വിദ്യാർത്ഥിനിക്ക് പരിക്കേറ്റു. തരിയോട് ഗവ. ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാ‌ർത്ഥിനി സുമിത്രയ്ക്കാണ് മുഖത്തും തുടയിലും പരിക്കേറ്റത്. സഹോദരിക്കൊപ്പം വയലിൽ ആടിനെ അഴിക്കാൻ പോയപ്പോഴായിരുന്നു ആക്രമണം. കുട്ടിയെ കല്പറ്റ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.