
കൽപ്പറ്റ: വയനാട്ടിൽ തെരുവുനായ രണ്ടുപേരെ ആക്രമിച്ചു. പടിഞ്ഞാറത്തറ മാടത്തുംപാറ കോളനിയിലെ സുരേഷ്-തങ്ക ദമ്പതികളുടെ മകൾ സുമിത്ര (14),ഉണ്ണിപാറവയൽ കിഴക്കേടത്ത് ബിജു തോമസ് (44) എന്നിവർക്കാണ് കടിയേറ്റത്. ഞായറാഴ്ച ഉച്ചയ്ക്കുശേഷം മൂന്നുമണിയോടെ നടന്നുപോകുമ്പോഴാണ് സുമിത്രയെ നായ ആക്രമിച്ചത്. മുഖത്ത് നെറ്റിയിലും മൂക്കിലും കടിയേറ്റു. സുമിത്രയെ രക്ഷപ്പെടുത്താനായി ഓടിയെത്തിയ ബിജു തോമസിന്റെ ശരീരഭാഗങ്ങളിൽ പലയിടത്തായി കടിച്ചു. വടിയെടുത്ത് ഓടിച്ചപ്പോഴാണ് നായ പിന്മാറിയത്. സുമിത്രയും ബിജു തോമസും കൽപ്പറ്റ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.
അറവുകേന്ദ്രം ചുറ്റിപ്പറ്റി ഇവിടെ രൂക്ഷമായ തെരുവുനായ ശല്യമാണെന്ന് ബിജു തോമസ് പറഞ്ഞു. കൽപ്പറ്റ ജനറൽ ആശുപത്രിയിൽ നാലുപേർ ചികിത്സ തേടിയിട്ടുണ്ട്. ഇതിൽ രണ്ടുപേരെ കടിച്ചത് വളർത്തുനായകളാണ്.