
കീവ് : രാജ്യത്തിന്റെ കിഴക്കൻ മേഖലയിൽ റഷ്യയ്ക്കെതിരെ തങ്ങളുടെ സൈന്യം മിന്നൽ നേട്ടങ്ങൾ സൃഷ്ടിക്കുന്നതായി യുക്രെയിൻ. ഫെബ്രുവരിയിൽ അധിനിവേശം ആരംഭിച്ചതിന് പിന്നാലെ റഷ്യ പിടിച്ചെടുത്ത കിഴക്കൻ നഗരങ്ങൾ തിരിച്ചുപിടിക്കാനുള്ള പോരാട്ടത്തിലാണ് യുക്രെയിൻ. വടക്ക് കിഴക്കൻ ഖാർക്കീവ് മേഖലയിലെ 30 ലേറെ പട്ടണങ്ങളും ഗ്രാമങ്ങളും തങ്ങൾ തിരിച്ചുപിടിച്ചെന്ന് യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി പറഞ്ഞു. ഇതിൽ ബലാക്ലിയയാണ് യുക്രെയിൻ തിരിച്ചുപിടിച്ച ഏറ്റവും വലിയ നഗരം. അധിനിവേശം ആരംഭിക്കുന്നതിന് മുന്നേ ഏകദേശം 30,000 പേർ ഇവിടെ ജീവിച്ചിരുന്നു.
കുപിയാൻസ്ക് നഗരത്തിലേക്കും യുക്രെയിൻ സൈന്യം കടന്നിട്ടുണ്ട്. കിഴക്കൻ യുക്രെയിനിൽ റഷ്യൻ സൈന്യം പ്രധാന വിതരണ ഹബ്ബായി ഉപയോഗിക്കുന്ന നഗരമാണ് കുപിയാൻസ്ക്. അതേ സമയം റഷ്യ ഖാർക്കീവിൽ ടാങ്കുകൾ ഉൾപ്പെടെ കൂടുതൽ സൈനിക വിന്യാസം ആരംഭിച്ചു.
ഖാർക്കീവിൽ യുക്രെയിൻ സൈനിക കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തിയെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു. 300ഓളം യുക്രെയിൻ സൈനികരെയും 15 യൂണിറ്റ് മിലിട്ടറി ഉപകരണങ്ങളും തകർത്തെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയ വക്താവ് ഈഗർ കൊനഷെൻകോവ് പറയുന്നു. മൈക്കലൈവിൽ യുക്രെയിന്റെ റഡാർ സ്റ്റേഷൻ റഷ്യൻ വ്യോമസേന തകർത്തു. ഇതിനിടെ, ജർമ്മൻ വിദേശകാര്യ മന്ത്രി അന്നലേന ബേർബോക്ക് ഇന്നലെ യുക്രെയിൻ സന്ദർശിച്ചു.