kk

ജോധ്പുർ: ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധി ധരിക്കുന്നത് വിദേശനിർമ്മിത ടീഷർട്ടാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇന്ത്യയെ ഒന്നിപ്പിക്കാൻ ഇറങ്ങിയ രാഹുൽ ആദ്യം ഇന്ത്യയുടെ ചരിത്രം പഠിക്കണമെന്നും അമിത് ഷാ വിമർശിച്ചു. രാജസ്ഥാനിലെ ജോധ്‌പൂരിൽ ബി.ജെ.പി പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യ ഒരു രാജ്യമല്ലെന്ന് രാഹുൽ ബാബ ഒരിക്കൽ പാർലമെന്റിലെ പ്രസംഗത്തിനിടെ പറഞ്ഞു. ഇന്ത്യയെ ഒന്നിപ്പിക്കാൻ ശ്രമിക്കുന്നതിന് മുൻപ് അദ്ദേഹം രാജ്യത്തിന്റെ ചരിത്രം പഠിക്കേണ്ടതുണ്ടെന്നും അമിത് ഷാ പരിഹസിച്ചു. .

കോൺഗ്രസിന് പൊള്ളയായ വാഗ്ദാനങ്ങൾ നൽകാൻ മാത്രമേ കഴിയൂ. വാഗ്ദാനങ്ങൾ പാലിക്കാൻ കഴിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നിലവിൽ രണ്ട് സംസ്ഥാനത്ത് മാത്രം ഭരണത്തിലുള്ള കോൺഗ്രസിന് 2023ലെ തിരഞ്ഞെടുപ്പോടു കൂടി അതും ഇല്ലാതാവുമെന്നും അമിത് ഷാ പറഞ്ഞു

രാഹുൽ ധരിച്ചിരിക്കുന്ന ടീഷർട്ടിന് 41000 രൂപ വിലയുണ്ടെന്ന് ബി.ജെ.പി നേരത്തെ ആരോപിച്ചിരുന്നു. ടീഷർട്ടിന്റെ ചിത്രവും വിലയുമടക്കം ബി.ജെ.പി ട്വീറ്റ് ചെയ്തിരുന്നു.