india-pak

കർത്താർപ്പൂർ: വിഭജന കാലത്ത് തന്റെ മാതാപിതാക്കൾ ഇന്ത്യയിലുപേക്ഷിച്ച സഹോദരനെ ആദ്യമായി കണ്ടത് ഇപ്പോഴും വിശ്വസിക്കാനാകാത്ത ഞെട്ടലിലാണ് പാകിസ്ഥാൻ സ്വദേശിയായ കുൽസൂം അക്തർ. കർത്താർപൂരിലെ ഗുരുദ്വാർ ദർബാർ സാഹിബിലാണ് സഹോദരനായ അമര്‍ജിത് സിങ്ങിനെ കുൽസൂം അക്തർ നീണ്ട 75 വർഷങ്ങൾക്ക് ശേഷം കെട്ടിപ്പുണർന്നത്.അമര്‍ജിത് സിങ്ങിനെ മാതാപിതാക്കൾ ഇന്ത്യയിൽ ഉപേക്ഷിക്കുന്ന സമയത്ത് കുൽസൂം അക്തർ ജനിച്ചിട്ടുണ്ടായിരുന്നില്ല, അത് കൊണ്ട് തന്നെ ഇത്തരത്തിലൊരു സഹോദരി തനിക്കുള്ളതായി ഏതൊരു വിവരവും അദ്ദേഹത്തിനില്ലായിരുന്നു. .അമര്‍ജിത് സിങ്ങിനെയും കൂടെയൊരു സഹോദരിയെയും പഞ്ചാബിലെ ജലന്ധറിൽ ഉപേക്ഷിച്ചാണ് മുസ്ളീം വംശജരായ മാതാപിതാക്കൾ പാകിസ്ഥാനിലേയ്ക്ക് കുടിയേറിയത്. അവിടെ വച്ചാണ് കുൽസൂം ജനിച്ചത്.

indiapak

നഷ്ടപ്പെട്ട സഹേദരങ്ങളെ കുറിച്ചുള്ള അമ്മയുടെ സങ്കടം കേട്ടാണ് കുൽസൂം വളർന്നത്. കുടുംബസുഹൃത്തായ സർദാർ ധാരാ സിംഗ് പാകിസ്ഥാനിലെ കുൽസൂമിന്റെ വീട് സന്ദർശിച്ചതാണ് പ്രധാന വഴിത്തിരിവായി മാറിയത്. ധാരാ സിംഗിനോട് കുൽസൂമിന്റെ അമ്മ അമര്‍ജിത് സിങ്ങിനെയും സഹോദരിയെയും ഇന്ത്യയിൽ വിട്ട് പോന്ന ഗ്രാമത്തിന്റെ വിവരങ്ങൾ നൽകി. ധാരാ സിംഗ് തിരികെ ഇന്ത്യയിലെത്തി നടത്തിയ തിരച്ചിലാണ് അമര്‍ജിത് സിങ്ങിനെ കണ്ടെത്തിയത്. സഹോദരി അപ്പോഴേയ്ക്കും മരണപ്പെട്ടിരുന്നു.തുടർന്ന് കുൽസൂം അക്തറും അമ‌ർജിത് സിംഗും വാട്ട്സാപ്പ് വഴി ബന്ധപ്പെടുകയും, അതിർത്തികൾ താണ്ടിയുള്ള സഹോദരങ്ങളുടെ ഒത്തുചേരലിലേയ്ക്ക് അത് വഴിയൊരുക്കുകയുമായിരുന്നു. 1947ൽ ഒരു സിഖ് കുടുംബം അമര്‍ജിത് സിങ്ങിനെ ഏറ്റെടുത്ത് വളർത്തുകയായിരുന്നു.

india

വിഭജനത്തിന്റെ മുറിവുകൾ പേറുന്ന ഒരു മുസ്ളീം കുടുംബവും സഹോദരിയും തനിക്കുണ്ടെന്ന വിവരം ഞെട്ടലോടെ തന്നെയാണ് അമർജിത്ത് സിംഗും അറിഞ്ഞത്, എന്നാൽ തനിക്കൊരു സഹോദരി ഉണ്ടെന്നറിഞ്ഞ സന്തോഷത്തിൽ വീൽ ചെയറിലും വാഗാ അതിർത്തി താണ്ടി എത്തുകയായിരുന്നു അമർജിത്ത്. മകൻ ഷഹ്സാദ് അഹമ്മദിനും ബന്ധുക്കൾക്കുമൊപ്പമായിരുന്നു, കുൽസൂം ഫൈസലാബാദിൽ നിന്നും സഹോദരനെ കാണാനെത്തിച്ചേർന്നത്.

നീണ്ട കാലത്തിന് ശേഷമുള്ള സഹോദരങ്ങളുടെ ഒത്തുചേരൽ കണ്ട് നിന്നവരുടെയും കണ്ണുകൾ വരെ ഈറനണിയിച്ചു.ഉടനെ തന്നെ തന്റെ കുടുംബത്ത കാണാൻ പാകിസ്ഥാനിലേയ്ക്ക് പോകുമെന്നും അവരെ ഇന്ത്യയിലേയ്ക്ക് കൊണ്ട് വരാൻ ആഗ്രഹമുണ്ടെന്നും അമർജിത് സിംഗ് പറഞ്ഞു.