asia-cup

ദുബായ്: ഏഷ്യയിലെ പുതിയ ക്രിക്കറ്റ് രാജാക്കൻമാരെ ഇന്ന് രാത്രി അറിയാം. ഇന്ത്യൻ സമയം ഇന്ന് രാത്രി 7.30 മുതലാണ് പാകിസ്ഥാനും ശ്രീലങ്കയും തമ്മിലുള്ള ഏഷ്യാകപ്പ് ഫൈനൽ പോരാട്ടം. രാഷ്ട്രീയ സാമ്പത്തീക അസ്ഥിരതകളും പ്രകൃതി ക്ഷോഭങ്ങളും വലയ്ക്കുന്ന രണ്ട് രാജ്യങ്ങളുടെ ക്രിക്കറ്റ് മൈതാനത്തെ അതിജീവനത്തിന്റെ കഥയാണ് ഇത്തവണത്തെ ഏഷ്യാകപ്പിന്റെ കലാശപ്പോരിന് എത്തുന്ന പാകിസ്ഥാനും ശ്രീലങ്കയ്ക്കും പറയാനുള്ളത്. ഏഷ്യാ കപ്പ് നേടി പ്രതിസന്ധികളിൽ നട്ടം തിരിയുന്ന തങ്ങളുടെ ജനതയ്ക്ക് ആശ്വാസ സമ്മാനം നൽകുകയെന്നതാണ് ഇരുടീമിന്റേയും ലക്ഷ്യം. മികവുറ്റ പ്രകടനം പുറത്തെടുത്താണ് ഇരുടീമും ഫൈനലിൽ എത്തിയത്.

സൂപ്പർ ഫോർ റൗണ്ടിൽ നിലവിലെ ചാമ്പ്യൻമാരായ കരുത്തരായ ഇന്ത്യയ്ക്കും അദ്ഭുത മുന്നേറ്റം നടത്തിയ അഫ്‌ഗാനിസ്ഥാനും മടക്ക ടിക്കറ്റ് നൽകിയാണ് പാകിസ്ഥാനും ശ്രീലങ്കയും ഫൈനലിന് ടിക്കറ്റെടുത്തത്.

കഴിഞ്ഞ ദിവസം ഇരുടീമും ഏറ്റുമുട്ടിയ സൂപ്പർ ഫോറിലെ അവസാന മത്സരത്തിൽ 5 വിക്കറ്റിന്റെ വിജയം നേടിയതിന്റെ ആത്മ വിശ്വാസത്തിലാണ് ഡസുൻ ഷനാകയുടെ നേതൃത്വത്തിൽ ലങ്ക കലാശപ്പോരിന് ഇറങ്ങുന്നത്. മറുവശത്ത് ഈ തോൽവിക്ക് കൂടി പകരം വീട്ടാനാണ് ബാബർ അസമിന്റെ പാക് പട പാഡ്കെട്ടുന്നത്.

ശ്രീലങ്കയ്ക്കെതിരായ കഴിഞ്ഞ മതസരത്തിൽ വിശ്രമം നൽകിയ താരങ്ങൾ ഫൈനലിൽ പാക് ഇലവനിൽ തിരിച്ചത്തും. ശ്രീലങ്കയ്ക്കെതിരായ സൂപ്പർ ഫോർ മത്സരത്തിന് മുമ്പ് തുടർച്ചയായി മൂന്ന് വിജയം നേടിയ അതേ ഇലവനെയാകും പാകിസ്ഥാൻ ഫൈനലിൽ ഇറക്കുകയെന്നാണ് വിവരം.

ശ്രീലങ്ക പാകിസ്ഥാനെതിരെ ജയിച്ച ടീമിൽ മാറ്രം വരുത്താൻ സാധ്യത കുറവാണ്.അതേസമയം അസിതാ ഫെർണാണ്ടോയുടെ തിരിച്ചുവരവ് തള്ളിക്കളയാനാകില്ല.

ഇത് നാലം തവണയാണ് ശ്രീലങ്കയും പാകിസ്ഥാനും ഏഷ്യാകപ്പ് ഫൈനലിൽ മുഖാമുഖം വരുന്നത്. നേർക്കുനേർ വന്ന കഴിഞ്ഞ മൂന്ന് ഫൈനലുകളിൽ രണ്ടിലും ലങ്കയ്ക്കായിരുന്നു ജയം.