
തിരുവനന്തപുരം:കേരളത്തിൽ മൂന്നാം തവണയും പിണറായി സർക്കാർ അധികാരത്തിൽ വരുമെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു.
ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിൽ ശ്രീനാരായണ ഗുരുവിന്റെ 168-ാം ജയന്തി സമ്മേളനത്തിൽ ജയന്തി സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. താൻ രാഷ്ട്രീയം പറയുകയല്ല. ജാതിമത ഭേദമില്ലാതെ എല്ലാവരെയും സഹായിക്കണമെന്ന നീതിബോധത്തോടെ സർക്കാർ പ്രവർത്തിച്ചു എന്നതുകൊണ്ടാണ്. ശ്രീനാരായണ ഗുരുവിന്റെ പേര് ഒരു യൂണിവേഴ്സിറ്റിക്ക് ഇടണമെന്ന് സർക്കാരുകൾക്ക് നിവേദനം നൽകിയെങ്കിൽ പിണറായി സർക്കാർ ഗുരുവിന്റെ പേരിൽ ഒരു യൂണിവേഴ്സിറ്റി തന്നെ സ്ഥാപിക്കുകയായിരുന്നു. വി.ജെ.ടി ഹാളിന് അയ്യങ്കാളി ഹാൾ എന്ന പേര് നൽകിയതും ശ്രദ്ധേയമാണ്. അങ്ങനെ മഹത്തായ കാര്യങ്ങൾ ചെയ്യാൻ സർക്കാർ മുന്നോട്ടുവന്നപ്പോൾ ജനങ്ങൾ സർക്കാരിനെ പിന്തുണയ്ക്കുകയായിരുന്നു. ഇന്നത്തെ നിലയിൽ മൂന്നാം പിണറായി സർക്കാരും വരുമെന്നതിൽ സംശയമില്ല.
ശിവഗിരിയെയും ശ്രീനാരായണ പ്രസ്ഥാനങ്ങളെയും സഹായിക്കാനും സർക്കാർ തയ്യാറായി. ഗുരുദേവന്റെ പ്രതിമ സ്ഥാപിച്ചത് ഉദാഹരണമാണ്. ഗുരു ആരായിരുന്നുവെന്ന് മറ്റുള്ളവർക്ക് കാട്ടിക്കൊടുക്കണമെന്നാണ് മുഖ്യമന്ത്രി ഉദ്ഘാടന സമയത്ത് പറഞ്ഞത്. എന്നാൽ ഗുരുവിനെ ഒരു സമുദായത്തിന്റെ മാത്രം സ്വാമിയായി മൂലയ്ക്കിരുത്താനുള്ള ശ്രമമാണ് നടക്കുന്നത്. ആ മഹാഅപരാധം കേരളം ചെയ്തു. എന്നാൽ, ഗുരുവിനെ ജാതിയുടെയോ മതത്തിന്റെയോ വക്താവായി കാണാതെ ജീവിക്കാനാണ് ശ്രമിക്കേണ്ടത്. ശ്രീനാരായണ പ്രസ്ഥാനത്തെയും കേരളത്തിന്റെ നവോത്ഥാന പ്രസ്ഥാനത്തെയും വളർത്തുന്നതിൽ ഡോ.പല്പ്പു മഹത്തായ സംഭാവനയാണ് നൽകിയത്. അദ്ദേഹത്തെ ചിരസ്മരണീയനാക്കുന്നതാണ് 19-ാം നൂറ്റാണ്ട് എന്ന സിനിമ. ഗുരുവിന് മുമ്പ് കേരളത്തിൽ നടന്ന വലിയ സാമൂഹിക വിപ്ളവത്തിന്റെ ചരിത്രം സിനിമയിൽ പറയുന്നുണ്ടെന്നും സച്ചിദാനന്ദ  പറഞ്ഞു.