
പാട്ന:ബീഹാറിലെ നവാഡയിൽ പൊലീസ് ഓഫീസർ തന്റെ കീഴ്റാങ്കിലുള്ള അഞ്ച് പൊലീസ് ഉദ്യോഗസ്ഥരെ ലോക്കപ്പിലടച്ചു. പ്രവർത്തനം കാര്യക്ഷമമല്ല എന്നാരോപിച്ചാണ് 2 സബ്ബ് ഇൻസ്പെക്ടർമാരെയും 3 എ.എസ്.ഐ മാരെയും എസ്.പി റാങ്കിലുള്ള മേലുദ്യോഗസ്ഥൻ രണ്ട് മണിക്കൂറോളം ലോക്കപ്പിൽ പൂട്ടിയിട്ടത്. സെപ്തംബർ 8ന് നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പ്രചരിക്കാൻ തുടങ്ങിയതോടെ എസ്. പി ഗൗരവ് മംഗളയ്ക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായി ബീഹാർ പൊലീസ് അസോസിയോഷൻ രംഗത്തെത്തിയിട്ടുണ്ട്. സെക്യൂരിറ്റി വീഡിയോ ദൃശ്യങ്ങളിൽ സബ്ബ് ഇൻസ്പെക്ടർമാരായ ശത്രുഖൻ പസ്വാൻ, രാംരേഖ സിംഗ്, എ.എസ്.ഐ സന്തോഷ് പസ്വാൻ, സജ്ഞയ് സിംഗ്, രാമേശ്വർ ഉരോയോൻ എന്നിവർ അർധരാത്രിയോട് അടുക്കുന്നത് വരെ ലോക്കപ്പിൽ സമയം ചിലവഴിക്കുന്നത് കാണാം. എന്നാൽ ഇത്തരത്തിലൊരു സംഭവം നടന്നതിനെ എസ്.പി മംഗളയും സ്റ്റേഷൻ ഇൻ ചാർജായ ഇൻസ്പെക്ടർ വിജയ് കുമാർ സിംഗും നിഷേധിച്ചിട്ടുണ്ട്.
സംഭവദിവസം രാത്രി 9 മണിയോടെ സ്റ്റേഷനിലെത്തിയ എസ്.പി ചില ഉദ്യോഗസ്ഥർ നടപടിക്രമങ്ങളിൽ വീഴ്ച വരുത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് അവരെ ലോക്കപ്പിലടയ്ക്കാൻ നിർദേശിച്ചതായാണ് പറയപ്പെടുന്നത്. ഇതിനെക്കുറിച്ചുള്ല വാർത്തകൾ വാട്ട്സാപ്പിലൂടെ അടക്കം പ്രചരിച്ചിരുന്നെങ്കിലും വ്യാജവാർത്ത എന്നായിരുന്നു എസ്.പി ഗൗരവ് മംഗള പ്രതികരിച്ചത്. തുടർന്നാണ് സംഭവത്തിന്റെ നിജസ്ഥിതി വെളിവാക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നത്.
സി.സി.ടി.വി ദൃശ്യങ്ങൾ കണ്ട് ബീഹാർ പൊലീസ് അസോസിയേഷൻ പ്രസിഡന്റ് മൃതുജ്ഞയ് കുമാർ സിംഗ് പൊലീസ് സൂപ്രണ്ടിനെ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നെങ്കിലും എസ്. പിയുടെ ഭാഗത്ത് നിന്ന് പ്രതികരണമൊന്നും തന്നെ ഉണ്ടായില്ല. വിഷയത്തിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട അദ്ദേഹം എസ്.പി ഗൗരവ് മംഗളിന് പ്രദേശത്തെ പൊലീസിന് മേൽ അധികാര ചുമതലയുള്ളതിനാൽ തെളിവായ സി.സി.ടി.വി ദൃശ്യങ്ങളിൽ കൃത്രിമം കാണിക്കാൻ സാദ്ധ്യതയുണ്ടെന്ന് ആരോപിച്ചു.