
വാഷിംഗ്‌ടൺ: യു എസ് ഓപ്പൺ വനിതാ സിംഗിൾസിൽ കിരീടം ചൂടി ലോക ഒന്നാം നമ്പർ താരം ഇഗ ഷ്വാൻടെക്. ആർതർ ആഷെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടുണീഷ്യയുടെ ഓൻസ് ജാബ്യൂറിനെ പരാജയപ്പെടുത്തിയാണ് ആദ്യ യു എസ് ഓപ്പൺ ടൈറ്റിൽ ഇഗ സ്വന്തമാക്കിയത്. ഇരുപത്തിയൊന്നുകാരിയായ ഇഗയുടെ മൂന്നാം ഗ്രാൻഡ്‌സ്ളാം കിരീടം കൂടിയാണിത്. രണ്ടു തവണ ഫ്രഞ്ച് ഓപ്പൺ ജേതാവായിരുന്നു.
6- 2 എന്ന സ്കോറിനാണ് ഇഗ ആദ്യ സെറ്റ് വിജയിച്ചത്. എന്നാൽ രണ്ടാം സെറ്റിൽ ഓൻസ് തിരിച്ചുവന്നെങ്കിലും 7- 5 എന്ന സ്കോറിൽ അന്തിമ വിജയം ഇഗയ്ക്കായിരുന്നു. ആര്യന സബാലേനകയെ സെമിയിൽ തകർത്താണ് ഷ്വാൻടെക് ഫൈനലിലേക്ക് എത്തിയത്. 3-6, 6-1, 6-4 എന്ന സ്കോറിനായിരുന്നു ജയം. ഫ്രാൻസിന്റെ കരോളിന ഗ്രേസിയയെ 6- 1, 6- 3 എന്ന സ്കോറിന് തകർത്താണ് ടുണിഷ്യൻ താരം ഓൻസ് ജാബ്യൂർ ഫൈനലിലെത്തിയത്. യു എസ് ഓപ്പൺ ഫൈനലിൽ എത്തുന്ന ആദ്യ ആഫ്രിക്കൻ- അറബ് വനിതയെന്ന വിശേഷണത്തോടെയാണ് ഓൻസ് ജാബ്യൂർ മടങ്ങുന്നത്.