
സേലം: സിനിമാ മോഹവുമായെത്തിയ നൂറുകണക്കിന് യുവതികളെ ഉപയോഗിച്ച് അശ്ളീല വീഡിയോകൾ നിർമ്മിച്ച സംവിധായകനും സഹസംവിധായികയും അറസ്‌റ്റിലായി. തമിഴ്‌നാട്ടിലെ സേലത്താണ് വലിയ ചൂഷണം നടന്നത്. സിനിമാ സംവിധായകൻ സേലം എടപ്പാടി സ്വദേശിയായ വേൽസത്തിരൻ, ഇയാളുടെ സഹപ്രവർത്തകയും സഹസംവിധായികയുമായ ജയജ്യോതി എന്നിവരാണ് അറസ്‌റ്റിലായത്. മുന്നൂറിലധികം യുവതികളുടെ അശ്ളീല ദൃശ്യങ്ങൾ ഇയാൾ ഇങ്ങനെ പകർത്തിയിട്ടുണ്ട്. യുവതികളെ ക്യാമറയ്‌ക്ക് മുന്നിലെത്തിച്ചിരുന്നത് ജയജ്യോതിയാണ്.
സഹനടിയെ ആവശ്യമുണ്ടെന്ന് സമൂഹമാദ്ധ്യമങ്ങളിൽ പരസ്യം നൽകിയ ശേഷം ഇതുകണ്ടെത്തുന്ന യുവതികളെ ഇത്തരത്തിൽ വലിയ ചൂഷണത്തിന് ഇരയാക്കി. സേലം ട്രാഫിക് സർക്കിളിൽ ഇയാളുടെ സ്‌റ്റുഡിയോയിൽ അഭിനയ മോഹവുമായെത്തിയ ഇരുമ്പപാളയം സ്വദേശിനിയായ യുവതിയോട് മൂന്ന് മാസത്തോളം പുതിയ സിനിമ തുടങ്ങും വരെ ഓഫീസ് ജോലി ചെയ്യാൻ വേൽസത്തിരൻ ആവശ്യപ്പെട്ടു. തുടർന്ന് മൂന്ന് മാസത്തിന് ശേഷമാണ് ഇത് അശ്ളീല ചിത്ര നിർമ്മാണമാണ് നടക്കുന്നതെന്ന് യുവതി മനസിലാക്കിയത്. യുവതി സൂറമംഗലം പൊലീസിൽ ഇതുകാണിച്ച് പരാതി നൽകി. പൊലീസ് നടത്തിയ റെയ്‌ഡിൽ 300ലധികം സ്‌ത്രീകളുടെ അശ്ളീല വീഡിയോയും ഫോട്ടോകളും ഹാർഡ്‌ഡിസ്ക്കുകളിലായി കണ്ടെത്തി. ഇവ ഷൂട്ട് ചെയ്യാനെടുത്ത ക്യാമറ പൊലീസ് പിടിച്ചെടുത്തു.

യുവതികളെ ചെറിയ ഉടുപ്പിടീച്ച രംഗങ്ങളും കുളിമുറി രംഗങ്ങളും ഷൂട്ട് ചെയ്യും. തയ്യാറായില്ലെങ്കിൽ ഇവർ ഭീഷണിപ്പെടുത്തിയിരുന്നു. ഇത് ചെയ്‌തിരുന്നത് സഹസംവിധായികയായ ജയജ്യോതിയാണ്. കെണിയിൽ പെട്ടുപോയ പെൺകുട്ടികളെ കണ്ടെത്തി ഇവരുടെ രഹസ്യമൊഴിയെടുക്കാനുളള ശ്രമം പൊലീസ് ആരംഭിച്ചു. പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ചാണ് ഇതിനായുളള പ്രവർത്തനം നടത്തുന്നതെന്ന് പൊലീസ് അറിയിച്ചു.