puli

തൃശൂർ: ഓണാഘോഷത്തിന്റെ ഭാഗമായി സാംസ്‌കാരിക നഗരിയിൽ തനിമയോടെ ഇന്ന് പുലികളി നടക്കും. മടവിട്ട് പുറത്തെത്തുന്ന പുലികൾ ഇന്ന് നാല് മണിയോടെ സ്വരാജ് റൗണ്ട് കീഴടക്കി നൃത്തമാടും. കൊവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷമായി നടക്കാതിരുന്ന പുലികളി ഇത്തവണ വ്യാപനം കുറഞ്ഞതോടെ പഴയതിലും മികച്ച പ്രൗഢിയിലാണ് പുലികളി സംഘങ്ങൾ നടത്താൻ പോകുന്നത്.

pul

pulb

കാനാട്ടുകര, അയ്യന്തോൾ, പൂങ്കുന്നം, വിയ്യൂർ, ശക്തൻ എന്നീ അഞ്ച് ദേശങ്ങളിലെ പുലികളി സംഘത്തിൽ ഇരുനൂറ്റമ്പതിലധികം പുലികളിക്കാരുണ്ടാകും. നാട് പതിവ് ഓണ ഉത്സവ ആഘോഷത്തിലേക്ക് കടന്ന ഇത്തവണ പതിവിലധികം ആളുകൾ പുലികളി കാണാനെത്തുമെന്നാണ് കരുതുന്നത്. അതിനാൽ തന്നെ ശക്തമായ പൊലീസ് വിന്യാസവും നഗരത്തിലുണ്ട്. അഞ്ഞൂറിലധികം പൊലീസുകാരെയാണ് നഗരത്തിൽ വിന്യസിച്ചിരിക്കുന്നത്. ഇന്ന് ഉച്ചമുതൽ സ്വരാജ് റൗണ്ട് വഴി വാഹനഗതാഗതമില്ല. ഔട്ടർ റിംഗ് റോഡ് വഴിയാകും ഗതാഗതം.

pull

അഞ്ച് സംഘങ്ങളിലെയും ഇരുനൂറ്റമ്പതിലധികം പുലികൾ നാല് മണിമുതൽ സ്വരാജ് റൗണ്ടിലേക്ക് എത്തും. ഇതിന് ശേഷം ചുവടുകൾ വച്ച് പുലികളി ചടങ്ങ് നടക്കും. എലിസബത്ത് രാജ്ഞിയുടെ മരണത്തെ തുടർന്ന് സംസ്ഥാനത്തും -ഔദ്യോഗിക ദു:ഖാചരണമുള‌ളതിനാൽ സർക്കാർ ഉദ്യോഗസ്ഥരോ സർക്കാരിന്റെ ഔദ്യോഗിക പരിപാടികളോ ഇതുമായി ബന്ധപ്പെട്ട് ഉണ്ടാകില്ല.